മെല്‍ബണ്‍: തന്റെ കരിയറിലെ അവസാന ഗ്രാന്‍ഡ് സ്ലാമില്‍ കിരീട സ്വപ്നം സാക്ഷാത്കരിക്കാനാവാതെ ഇന്ത്യന്‍ ഇതിഹാസം സാനിയ മിര്‍സ. ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടു. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി – റാഫേല്‍ മാറ്റോസ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പരാജയം. സ്കോര്‍ 6-7 (2), 2-6.
ആദ്യ സെറ്റിന്റെ തുടക്കം അല്‍പ്പം പാളിയെങ്കിലും നാല് പോയിന്റ് ഒരുമിച്ച് നേടി കളിയിലേക്ക് തിരിച്ചു വരാന്‍ സാനിയ – ബൊപ്പണ്ണ സഖ്യത്തിന് സാധിച്ചിരുന്നു. എന്നാല്‍ സെര്‍വ് നഷ്ടപ്പെടുത്തി ബൊപ്പണ്ണ എതിരാളികള്‍ക്ക് അവസരമൊരുക്കി നല്‍കി. ബ്രസീലിയന്‍ സഖ്യം പിന്നില്‍ നിന്ന് ആദ്യ സെറ്റ് കടുത്ത പോരാട്ടത്തില്‍ വീണ്ടെടുത്തു.
ആദ്യ സെറ്റ് നേടിയതിന്റെ ഊര്‍ജം രണ്ടാം സെറ്റില്‍ ബ്രസീലിയന്‍ സഖ്യത്തിനുണ്ടായിരുന്നു. അതിനാല്‍ തന്നെ അനായമായിരുന്നു രണ്ടാം സെറ്റിലെ വിജയം. സാനിയയുടേയും ബൊപ്പണ്ണയുടേയും ചെറു പിഴവുകള്‍ പോലും വിനിയോഗിക്കാന്‍ അവര്‍ക്കായി.
സാനിയയുടെ കരിയറിലെ 11-ാം ഗ്രാന്‍ഡ് സ്ലാം ഫൈനലായിരുന്നു ഇത്. ആറ് ഗ്രാന്‍ഡ് സ്ലാം ഉള്‍പ്പെടെ ഡബിള്‍സില്‍ 43 കിരീടങ്ങളാണ് സാനിയയുടെ പേരിലുള്ളത്. 91 വാരങ്ങള്‍ സാനിയ ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് (വനിത ഡബിള്‍സ്) തുടര്‍ന്നു.
മറുവശത്ത് ബൊപ്പണ്ണയുടെ കരിയറിലെ നാലാം ഗ്രാന്‍ഡ് സ്ലാം ഫൈനലായിരുന്നു. റ്റിമിയ ബാബോസിനൊപ്പം 2017-ല്‍ ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പണ്‍ നേടിയിരുന്നു.