ടെന്നിസ് കോര്‍ട്ടിലെ ത്രിമൂര്‍ത്തികളാണ് റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, നൊവാക്ക് ജോക്കോവിച്ച്. മൂവരും 20 ഗ്രാന്‍ഡ് സ്ലാമുകള്‍ വീതം നേടിയിട്ടുണ്ട്. എന്നാല്‍ 21-ാം കിരീടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരം വീണു കിട്ടിയിരിക്കുകയാണ് നദാലിന്.
ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ് സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ താരം പ്രവേശിച്ചു. ഇറ്റാലിയന്‍ താരം മാറ്റയൊ ബരോറ്റിനിയെ കീഴടക്കിയാണ് നദാലിന്റെ ഫൈനലിലേക്കുള്ള കുതിപ്പ്. സ്കോര്‍ 6-3, 6-2, 3-6, 6-3. ജയത്തിന് ശേഷം നദാല്‍ പൊട്ടിക്കരയുകയായിരുന്നു.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയാല്‍ നദാലിനെ മറ്റൊരു ചരിത്രവും കാത്തിരിക്കുന്നുണ്ട്. ടെന്നിസ് ചരിത്രത്തില്‍ നാല് ഗ്രാന്‍ഡ് സ്ലാം രണ്ട് തവണയെങ്കിലും നേടുന്ന നാലാമത്തെ താരമാകാന്‍ 35 കാരനായ നദാലിന് കഴിയും.
“മത്സരം ഞാന്‍ നന്നായി തുടങ്ങി. ആദ്യ രണ്ട് സെറ്റുകളില്‍ വളരെ കാലത്തിന് ശേഷം മികവ് പുലര്‍ത്താന്‍ കഴിഞ്ഞു. മാറ്റെയൊ എത്ര നല്ല താരമാണെന്ന് എനിക്കറിയാം. വളരെ അപകടകാരിയാണ്. മൂന്നാം സെറ്റില്‍ അദ്ദേഹം ഷോട്ടുകള്‍ക്ക് ശ്രമിക്കുമെന്ന് എനിക്കറിയാമായിരുന്നു. നമുക്ക് കഷ്ടപ്പെടേണ്ടതുണ്ട്, പോരാടേണ്ടതുണ്ട്. ഇന്ന് ഞാൻ ഇവിടെയായിരിക്കുന്നതിന് കാരണം ഇതാണ്. ഫൈനലില്‍ എത്തിയത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്,” നദാല്‍ പറഞ്ഞു.
ഫൈനലില്‍ നദാലിനെ കാത്തിരിക്കുന്നത് ലോക രണ്ടാം നമ്പര്‍ ഡാനില്‍ മെദ്വദേവാണ്. സെമിയില്‍ സ്റ്റെഫാനൊ സിസീപ്പസിനെയാണ് മെദ്വദേവ് പരാജയപ്പെടുത്തിയത്. സ്കോര്‍ 7-6, 4-6, 6-4, 6-1. നിലവിലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനാണ് മെദ്വദേവ്.
Also Read: ഐസൊലേഷൻ പൂർത്തിയാക്കി; കരുത്തോടെ കൊമ്പന്മാർ വീണ്ടും കളത്തിലേക്ക്