/indian-express-malayalam/media/media_files/uploads/2019/01/federer.jpg)
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറി തുടരുന്നു. നിലവിലെ ചാമ്പ്യനും ഇതിഹാസതാരവുമായ റോജര്‍ ഫെഡറര്‍ പുറത്തായി. നാലാം റൗണ്ടിലാണ് ഫെഡറര്‍ തോറ്റ് പുറത്തായത്. പതിനാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസാണ് ഫെഡററെ പുറത്താക്കിയത്. സ്‌കോര്‍ 6-7, 7-6, 7-5, 7-6. ഫെഡററേക്കാള്‍ 17 വയസ് കുറവുള്ള താരമാണ് സ്റ്റെഫാനോസ്.
ഗ്രീക്ക് താരമായ സിറ്റ്സിപാസ് മികച്ച പ്രകടനമാണ് ഫെഡറര്‍ക്കെതിരെ പുറത്തെടുത്തത്. കടുത്ത പോരാട്ടത്തിനൊടുവില്‍ ഫെഡറര്‍ ആദ്യ സെറ്റ് സ്വന്തമാക്കിയെങ്കിലും സിറ്റ്സിപാസിന്റെ യുവത്വത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ഫെഡറര്‍ക്കായില്ല. തന്റെ ഇഷ്ടതാരത്തെ പരാജയപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് സ്‌റ്റെഫാനോസ്.
'' ഈ സന്തോഷം എങ്ങനെ വിശേഷിപ്പിക്കണം എന്നെനിക്ക് അറിയില്ല. ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യനാണ് ഞാനിപ്പോള്‍'' 20 കാരനായ സ്‌റ്റെഫാനോസ് മത്സര ശേഷം പറഞ്ഞു.
2016 ല്‍ ജ്യോക്കോവിച്ചിനോട് തോറ്റതിന് ശേഷം ഇതാദ്യമായാണ് ഫെഡറര്‍ മെല്‍ബണ്‍ പാര്‍ക്കില്‍ തോല്‍ക്കുന്നത്. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ ശക്തമായ പ്രതിരോധമാണ് സിറ്റ്സിപാസ് പുറത്തെടുത്തത്. ഇതിന് മുമ്പ് ഇരുവരും നേര്‍ക്കുനേര്‍ വന്നത് ഹോപ്പ്മാന്‍ കപ്പില്‍ മിക്‌സഡ് ഡബ്ബിള്‍സിലായിരുന്നു. അന്ന് ഫെഡററുടെ ടീമായിരുന്നു ജയിച്ചിരുന്നത്.
Yes, you @StefTsitsipas!
You're into the #AusOpen quarterfinals pic.twitter.com/n9FJwedn0O— #AusOpen (@AustralianOpen) January 20, 2019
വനിതാ വിഭാഗത്തില്‍ മരിയ ഷറപ്പോവയും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ആഷ്‌ലീഗ് ബാര്‍ട്ടി ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് വിജയിച്ചു. ആദ്യ സെറ്റ് കൈവിട്ടശേഷം ശക്തമായി തിരിച്ചെത്തി 22കാരിയായ ബാര്‍ട്ടി അഞ്ച് തവണ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യയായ ഷറപ്പോവയെ ഞെട്ടിക്കുകയായിരുന്നു. സ്‌കോര്‍ 4-6, 6-1, 6-4. ലോക രണ്ടാം നമ്പര്‍ താരം ഏഞ്ചലിക് കെര്‍ബറും പുറത്തായി. ലോക റാങ്കിംഗില്‍ മുപ്പത്തിയഞ്ചാം സ്ഥാനക്കാരിയായ ഡാനിയേല കോളിന്‍സാണ് കെര്‍ബറെ തോല്‍പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.