പരിക്കേറ്റതിനെ തുടർന്ന് എതിരാളിയും ദക്ഷിണ കൊറിയൻ താരവുമായ ഹ്യുൻ ചുംഗ് സെമിയിൽ പിന്മാറിയതോടെ റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കടന്നു. 6-1, 5-2 എന്ന സ്കോറിന് ഫെഡറർ മത്സരത്തിൽ മുന്നിട്ട് നിൽക്കേയാണ് ദക്ഷിണ കൊറിയൻ താരം പിന്മാറുന്നതായി അറിയിച്ചത്.

ഫൈനലിൽ ലോക ആറാം സീഡ് മരിൻ സിലികാണ് ഫെഡററുടെ എതിരാളി. പോയ വർഷം വിംബിൾഡൻ ഫൈനലിൽ സിലിക് തന്നെയായിരുന്നു ഫെഡററുടെ എതിരാളി. സിലികിനെ പരാജയപ്പെടുത്തി വിംബിൾഡൺ കിരീടം നേടിയ ഫെഡറർ കരിയറിലെ 20ാം ഗ്രാന്റ്സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ഞായറാഴ്ച ഫൈനലിൽ ഇറങ്ങുക.

ഇതിനോടകം ആറ് തവണ ഓസ്ട്രേലിയൻ ഓപ്പണിൽ ഫെഡറർ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. ആദ്യ സെറ്റിൽ ഫെഡറർക്ക് വെല്ലുവിളി ഉയർത്താൻ ദക്ഷിണ കൊറിയൻ താരത്തിന് സാധിച്ചിരുന്നില്ല. ശാരീരികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ രണ്ടാം സെറ്റിലും താരം പുറകിലായി. പെട്ടെന്നായിരുന്നു മത്സരത്തിൽ പിന്മാറുന്നതായി പ്രഖ്യാപിച്ചത്. പൊടുന്നനെയുളള ഈ തീരുമാനം കാണികളെയും ഫെഡററെയും ഒരേപോലെ അമ്പരപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ