ചരിത്ര തീരുമാനവുമായി ഓസീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍. ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനും താരങ്ങളുടെ യൂണിയനും തമ്മില്‍ വേതനത്തിലെ അന്തരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിട്ടു. പുരുഷ താരങ്ങള്‍ക്കും വനിതാ താരങ്ങള്‍ക്കും നല്‍കുന്ന വേതനത്തിലെ അന്തരം ഇല്ലാതാക്കുന്നതാണ് കരാര്‍.
പുതിയ പ്രഖ്യാപനം പ്രകാരം, 2019-20 സീസണിലെ റവന്യുവിന്റെ 24 ശതമാനം പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ലഭിക്കും. ഇത് ഓരോ വര്‍ഷവും ഒരു ശതമാനം വീതം വര്‍ധിപ്പിക്കുകയും ചെയ്യും. ഫിഫ ലോകകപ്പിന് യോഗ്യത നേടിയാല്‍ പ്രൈസ് മണിയുടെ 40 ശതമാനവും താരങ്ങള്‍ക്ക് ലഭിക്കും. 30 ശതമാനത്തില്‍ നിന്നുമാണ് 40 ലേക്ക് വര്‍ധിപ്പിച്ചത്. നോക്ക് ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയാല്‍ ഇത് 50 ശതമാനമാകും.
”ഫുട്‌ബോളിന്റെ എല്ലാ മേഖലയിലുമുള്ള അസമത്വങ്ങളെ നേരിടുക എന്ന ലക്ഷ്യത്തോടെയും ദേശീയ ടീമിന്റെ വരുമാനത്തിലുണ്ടാകുന്ന വളര്‍ച്ച താരങ്ങള്‍ക്കും ഉപകരിക്കുന്നൊരു സാമ്പത്തിക മാതൃക തയ്യാറാക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. പുതിയ കരാര്‍ പ്രകാരം വനിതാതാരങ്ങളെ മൂന്നായി തരം തിരിച്ചായിരിക്കും വേതനം നല്‍കുക. ഇത് വര്‍ഷാവര്‍ഷം വര്‍ധിപ്പിക്കുകയും ചെയ്യും. ഒന്നാമത്തെ ലെവലിലുള്ള വനിതാ താരങ്ങള്‍ക്ക് പുരുഷ താരങ്ങളുടെ അത്ര തന്നെ വേതനം ലഭിക്കും” പ്രഖ്യാപനത്തില്‍ പറയുന്നു.
അതേസമയം, ഇപ്പോഴും തുല്യ വേതനം എന്നതിലേക്ക് പുതിയ കരാര്‍ പൂര്‍ണമായും എത്തിച്ചേര്‍ന്നിട്ടില്ല. പുരുഷ താരങ്ങളുടെ പ്രൈസ് മണി ഇപ്പോഴും വനതികളേക്കാള്‍ കൂടുതലാണ്. 2018 ലെ പുരുഷ ലോകകപ്പില്‍ യോഗ്യത നേടിയ ടീമിലെ താരങ്ങള്‍ 5.5 മില്യണ്‍ ഡോളര്‍ നേടിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷെ ഒരു മത്സരം പോലും ജയിക്കാനായില്ല. അതേസമയം, ലോകകപ്പിന്റെ നോക്ക് ഔട്ട് റൗണ്ടിലെത്തിയ വനിതകള്‍ക്ക് 700000 ഡോളര്‍ മാത്രമാണ് സമ്പാദിച്ചത്. പുതിയ കരാര്‍ വനിത താരങ്ങളുടെ അവസ്ഥയില്‍ വലിയ മാറ്റം കൊണ്ടു വരില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.