ധരംശാല: ഓസ്ട്രേലിയൻ താരങ്ങളെ ആരെയും ഇനി മുതൽ സുഹൃത്തുക്കളായി പരിഗണിക്കില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ധരംശാലയിലെ ടെസ്റ്റ് മത്സര ശേഷം മാധ്യമങ്ങളെ കാണവെയാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

പരമ്പരയുടെ തുടക്കത്തിലെ പോലെ ഇപ്പോഴും കളിക്കളത്തിന് പുറത്ത് സ്‌മിത്തിനെയും കൂട്ടരെയും സുഹൃത്തുക്കളായി പരിഗണിക്കുന്നുവോയെന്ന ഓസ്ട്രേലിയൻ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനുത്തരമായാണ് കോഹ്‌ലി ഇങ്ങനെ പറഞ്ഞത്. അതിന് മാറ്റം വന്നുവെന്നാണ് വിരാട് കോഹ്‌ലി മറുപടി നൽകിയത്.

“ഇല്ല, എന്റെ അഭിപ്രായം മാറികഴിഞ്ഞു. ടെസ്റ്റിന് മുൻപ് പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഇനി ഒരിക്കലും അത്തരമൊരു അഭിപ്രായം തന്നിൽ നിന്ന് പറഞ്ഞ് കേൾക്കില്ല”- എന്ന് കോഹ്‌ലി പറഞ്ഞു. പരമ്പരയ്‌ക്ക് ശേഷവും വിവാദങ്ങൾക്ക് അവസാനമില്ലെന്ന് സൂചിപ്പിക്കുന്നതാണ് കോഹ്‌ലിയുടെ വാക്കുകൾ.

വിവാദങ്ങൾ നിറഞ്ഞതായിരുന്നു ഇന്ത്യ- ഓസ്ട്രേലിയ പരമ്പര. മത്സരം തുടങ്ങുന്നതിന് മുന്നേ തന്നെ വാഗ്വാദങ്ങളുടെ പേരിൽ പരമ്പര ശ്രദ്ധ നേടിയിരുന്നു. ഒന്നാം ടെസ്റ്റ് തൊട്ട് പിന്നീടങ്ങോട്ട് വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു. കളിക്കളത്തിന് അകത്തും പുറത്തും ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും താരങ്ങൾ ഏറ്റുമുട്ടി.

രണ്ടാം ടെസ്റ്റിൽ കത്തി നിന്നത് ഡിആർഎസ് വിവാദമായിരുന്നു. ഡിആർഎസ് വിവാദത്തിന് ശേഷം ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്മിത്തിനെ കോഹ്‌ലി ചതിയനെന്ന് വിളിച്ചത് പുതിയ വിവാദങ്ങൾക്കും തിരി കൊളുത്തി.

കോഹ്‌ലിക്കെതിരായ പോരുമായി ഓസ്ട്രേലിയൻ മാധ്യമങ്ങളും രംഗത്തെത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോടാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ കോഹ്‌ലിയെ ഉപമിച്ചത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സിഇഒ കോഹ്‌ലിക്ക് സോറി എന്ന വാക്കിന്റെ സ്പെല്ലിങ് അറിയില്ലെന്ന് പറഞ്ഞതും വിവാദങ്ങൾ ആളിക്കത്തിച്ചു.

മൂന്നാം ടെസ്റ്റിൽ കോഹ്‌ലിയുടെ തോളെല്ലിന് പരുക്കേറ്റതിനെ മാക്‌സ്‌‌വെൽ അനുകരിച്ച് കളിയാക്കിയതും അതിനുളള കോഹ്‌ലിയുടെ മറുപടിയും വിവാദങ്ങളുടെ ആക്കം കൂട്ടി. ഇല്ലാത്ത ഒരു ക്യാച്ചിന് അവകാശവാദം ഉന്നയിച്ചുവെന്ന് പറഞ്ഞ് മുരളി വിജയിനെ ക്യാപ്റ്റൻ സ്‌മിത്ത് കളളനെന്ന് അധിക്ഷേപിച്ചു. അങ്ങനെ പരസ്‌പരം കൊമ്പ് കോർത്തും പരിഹസിച്ചുമായിരുന്നു ഇന്ത്യ-ഓസ്ട്രേലിയ പരന്പര പൂർത്തിയായത്.

നാല് മത്സരങ്ങളുളള പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റ് ഓസ്ട്രേലിയയും രണ്ടാം ടെസ്റ്റ് ഇന്ത്യയും ജയിച്ചിരുന്നു. എന്നാൽ റാഞ്ചിയിൽ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചു. ഇന്ന് ധരംശാലയിൽ അവസാനിച്ച നാലാം ടെസ്റ്റ് എട്ട് വിക്കറ്റിന് ജയിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയായിരുന്നു. ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയ മുന്നോട്ട് വെച്ച 106 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. ലോകേഷ് രാഹുൽ 51 റൺസ് നേടി. രഹാന പുറത്താകാതെ 38 റൺസും എടുത്തു.എട്ട് റൺസെടുത്ത മുരളി വിജയ്‌യുടെയും റൺസ് എടുക്കുന്നതിന് മുന്നേ റണ്ണൗട്ടായ പൂജാരയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. എന്നാൽ പരമ്പരയ്‌ക്ക് ശേഷവും രോഷമടങ്ങിയിട്ടില്ല എന്ന് കാണിക്കുന്നതാണ് കോഹ്‌ലിയുടെ വാക്കുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook