ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് തന്നെ ഓസ്ട്രേലിയയ്ക്ക് തിരിച്ചടി. ടെസ്റ്റ് ടീം നായകൻ ടിം പെയിനടക്കമുള്ള താരങ്ങളോട് നിർബന്ധിത ക്വാറന്റൈനിൽ പോകാൻ നിർദേശം. അഡ്‌ലെയ്ഡിൽ കോവിഡ് കൊറോണ വൈറസ് വീണ്ടും പൊട്ടിപുറപ്പെട്ടതോടെയാണ് ടിം പെയിൻ, വിക്കറ്റ് കീപ്പർ മാത്യൂ വെയ്ഡ്, ഓൾറൗണ്ടർ കമറോൺ ഗ്രീൻ എന്നിവരോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചത്.
താരങ്ങൾ അഡ്‌ലെയ്ഡിൽ കഴിഞ്ഞ ആഴ്ച നടന്ന ഷെഫീൾഡ് ഷീൽഡ് ട്രോഫി ടൂർണമെന്റിൽ കളിച്ചിരുന്നു. ദക്ഷിണാ ഓസ്ട്രേലിയയിൽ നിന്ന് അവർ മടങ്ങിയെത്തിയെങ്കിലും അവരോട് ക്വാറന്റൈനിൽ പോകാൻ നിർദേശിക്കുകയായിരുന്നു. സർക്കാർ നിർദേശങ്ങൾ പാലിക്കാനും കോവിഡ് ടെസ്റ്റ് നടത്താനും താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: സിഡ്‌നിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് സമീപം വിമാനം തകർന്നുവീണു
അതേസമയം അഡ്‌ലെയ്ഡിൽ രോഗവ്യാപനം രൂക്ഷമാകുന്നത് സംഘാടകരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഡിസംബർ 10ന് മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയ്ക്ക് താരങ്ങൾ അഡ്‌ലെയ്ഡിലെത്തും. എന്നാൽ വേദി മാറ്റാതെ തന്നെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.
Also Read: കോവിഡ് പരീക്ഷ കഴിഞ്ഞു; ഓസിസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം പരിശീലനം ആരംഭിച്ചു
മൂന്ന് വീതം ഏകദിന – ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്. അതേസമയം, ഓസിസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ രോഹിത് ശർമയെ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഓസീസ് പര്യടനത്തിൽ നിന്ന് പൂർണമായി രോഹിത്തിനെ ഒഴിവാക്കിയിരുന്നു. പരുക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് രോഹിത്തിനെ ബിസിസിഐ ഓസീസ് പര്യടനത്തിൽ നിന്നു ഒഴിവാക്കാൻ തീരുമാനിച്ചത്.