ഓസീസിനെതിരായ ആദ്യ ടെസ്റ്റിലെ ദയനീയ പരാജയത്തിന്റെ പേരിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ പഴിക്കുന്നതിൽ കാര്യമില്ലെന്ന് ഇന്ത്യൻ ഇതിഹാസതാരം സുനിൽ ഗവാസ്‌കർ. ഓസ്ട്രേലിയുടെ ബോളർമാർ മികച്ച ബൗളിങ്ങാണ് കാഴ്ചവച്ചതെന്നും ഈ സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റിങ് നിരയെ കുറ്റം പറയുന്നതിൽ കാര്യമില്ലെന്നും ഗവാസ്കർ പറഞ്ഞു.
ഓസീസ് പേസ് നിരയിൽ ജോഷ് ഹാസ്ൽവുഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ അസാമാന്യ ബോളിങ് പ്രകടനമാണ് കാഴ്ചവച്ചത്. അതോടെ ടീം ഇന്ത്യക്ക് 36 റൺസെന്ന ടീമിന്റെ എക്കാലത്തെയും കുറഞ്ഞ ടെസ്റ്റ് ഇന്നിങ്സ് സ്കോർ മാത്രം നേടി മത്സരം അവസാനിപ്പിക്കേണ്ടി വന്നു. 42 റൺസായിരുന്നു ഇതിനു മുൻപ് ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഇന്ത്യ നേടിയ ഏറ്റവും കുറഞ്ഞ സ്കോർ. 1974ൽ ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മത്സരത്തിലായിരുന്നു അത്.
Read More: അഡ്‌ലെയ്‌ഡിൽ നാണംകെട്ട് ഇന്ത്യ; ഓസീസിനെതിരായ ആദ്യ ടെസ്റ്റിൽ ദയനീയ തോൽവി
ടെസ്റ്റിൽ കുറഞ്ഞ സ്കോർ നേടി ഒരു ടീം പുറത്താവുന്നത് കാണാൻ നല്ലതല്ലാത്ത ഒരു കാര്യമാണെന്ന് ഗവാസ്കർ പറഞ്ഞു. “ഞാൻ ഉദ്ദേശിക്കുന്നത്, ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ കാലം മുതലുള്ള ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോർ നേടി ഒരു ടീം ഓൾ ഔട്ട് ആവുന്നത് ഒരിക്കലും നല്ലതല്ല,” മത്സരത്തിലെ ഇന്ത്യയുടെ എട്ട് വിക്കറ്റ് നഷ്ടത്തെക്കുറിച്ച് ഗവാസ്കർ ചാനൽ 7 നോട് പറഞ്ഞു.
“എന്നാൽ മറ്റേതെങ്കിലും ടീം ആയിരുന്നെങ്കിലും ഇത്തരത്തിലുള്ള ബൗളിംഗിനെ നേരിടുമ്പോൾ, അവരു പുറത്താകുമായിരുന്നു., ഒരുപക്ഷേ 36 റൺസിന് ഓൾ ഔട്ട് ആയിരിക്കില്ല, 72 റൺസിനോ അല്ലെങ്കിൽ 80-90 റൺസിനോ എല്ലാം ആയിരിക്കാം. പക്ഷേ ഹാസൽവുഡ്, കമ്മിൻസ് എന്നിവർ പന്തെറിയുന്ന രീതി സ്റ്റാർക്കിൽ നിന്നുള്ള മൂന്ന് ഓവർ സ്പെൽ, അവർ ധാരാളം ചോദ്യങ്ങൾ മുന്നോട്ട് വയ്ക്കുകയാണ്,” ഗവാസ്കർ പറഞ്ഞു.
“അതിനാൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ പുറത്തായതിന് അവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല, കാരണം ഇത് ഓസ്ട്രേലിയൻ ബൗളർമാരുടെ മികച്ച ബൗളിംഗ് മാത്രമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിൽ എട്ട് വിക്കറ്റ് വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ ഇമന്ത്യ ഉയർത്തിയ 90 റൺസ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ അതിവേഗം മറികടക്കുകയായിരുന്നു.
Read More: പാക്കിസ്ഥാന്റെ റെക്കോർഡ് തകർത്തല്ലോ; ഇന്ത്യയെ പരിഹസിച്ച് അക്തർ
ആദ്യ ഇന്നിങ്‌സിൽ 53 റൺസ് ലീഡിയ ഇന്ത്യക്ക് ഈ മേധാവിത്വം രണ്ടാം ഇന്നിങ്‌സിൽ തുടരാൻ കഴിയാതെ പോവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയുടെ ആരും രണ്ടക്കം കണ്ടില്ല. മുൻനിര ബാറ്റ്‌സ്‌മാൻമാരായ പൃഥ്വി ഷാ (നാല്), മായങ്ക് അഗർവാൾ (ഒൻപത്), ചേതേശ്വർ പൂജാര (പൂജ്യം), വിരാട് കോഹ്‌ലി (നാല്), അജിങ്ക്യ രഹാനെ (പൂജ്യം), ഹനുമാ വിഹാരി (എട്ട്), വൃദ്ധിമാൻ സാഹ (നാല്) എന്നിവർ നിരാശപ്പെടുത്തി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് വെറും 36 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായതിന് പിന്നാലെ മുഹമ്മദ് ഷമി പരുക്കേറ്റ് പിന്മാറിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.