കാന്‍ബറ: ക്രിക്കറ്റ് കളിയില്‍ ജയിക്കണമെങ്കില്‍ ബാറ്റ്‌സ്മാന്മാരുടെ വിക്കറ്റ് എടുക്കുക എന്നതാണ് ഓരോ ബോളറുടേയും ലക്ഷ്യം. ബാറ്റ്‌സ്മാനാണെങ്കില്‍ സ്വന്തം വിക്കറ്റ് പോകാതെ നോക്കണം. ഈ പരസ്പര മത്സരത്തിനിടെ ചിലപ്പോഴൊക്കെ ബാറ്റ്‌സ്മാന്മാരുടെ മണ്ടത്തരങ്ങള്‍ കാരണം അവര്‍ സ്വയം പുറത്താകുന്നതും കാണാറുണ്ട്. ഹിറ്റ് വിക്കറ്റെന്ന് വിളിക്കപ്പെടുന്ന ഈ സ്വയം പുറത്താകലിന്റെ ഏറ്റവും ലേറ്റസ്റ്റ് പതിപ്പ് കണ്ട് ചിരിച്ച് തളര്‍ന്നിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

എന്നാല്‍ കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ നടന്ന ഒരു മത്സരത്തിനിടെ ബാറ്റ്സ്മാന്‍ പുറത്തായത് തികച്ചും അവിശ്വസനീയമായ രീതിയിലായിരുന്നു. പക്ഷെ പുറത്തായതിനേക്കാള്‍ എല്ലാവരേയും ചിരിപ്പിച്ചത് അതിന് ശേഷമുളള താരത്തിന്റെ നില്‍പ്പായിരുന്നു. ഹിറ്റ് വിക്കറ്റായ ശേഷം ബാറ്റ്സ്മാനായ ജെയ്ക്ക് വെതറാള്‍ഡ് താന്‍ പുറത്തായത് വിശ്വസിക്കാനാകാതെ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എന്‍പിഎസും വിക്ടോറിയയും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഫ്രണ്ട് ഫൂട്ടില്‍ മിഡ് വിക്കറ്റിലേക്ക് ഒരു ഷോട്ട് കളിച്ചതായിരുന്നു ജെയ്ക്ക്. എന്നാല്‍ ജെയ്ക്കിന്റെ ബാറ്റില്‍ തട്ടി പന്ത് പാഡില്‍ പതിച്ചു. പിന്നീടാണ് എതിര്‍ ടീമിനെ പോലും അമ്പരപ്പിച്ച സംഭവമുണ്ടാകുന്നത്.

ഷോട്ട് കളിച്ച ജെയ്ക്കിന് പക്ഷേ തന്റെ ബാറ്റിനെ കൈയ്യില്‍ നിര്‍ത്താനായില്ല. പിടിവിട്ട ബാറ്റ് അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിലൂടെ പറന്ന് വിക്കറ്റില്‍ പതിച്ചു. എതിര്‍ ടീം അംഗങ്ങള്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുമ്പോള്‍ പുറത്തായത് വിശ്വസിക്കാനാകാതെ താടിക്ക് കൈയ്യും കൊടുത്ത് നില്‍ക്കുകയായിരുന്നു താരം. താരത്തിന്റെ നില്‍പ്പ് വൈറലായി മാറിയിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook