റെക്കോര്‍ഡുകള്‍ തകര്‍ത്ത ചമരി അത്തപത്തുവാണ് ഓസ്‌ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള വനിതാ ക്രിക്കറ്റ് മത്സരത്തിലെ താരം. സെഞ്ചുറി നേടിയ ചമരി അത്തപത്തു ടി20 സെഞ്ചുറി നേടുന്ന ആദ്യ ശ്രീലങ്കന്‍ വനിതയായി മാറി. ടി20 സെഞ്ചുറി നേടുന്ന ആദ്യ നായികയുമാണ് ചമരി അത്തപത്തു. 66 പന്തുകളില്‍ നിന്നും 113 റണ്‍സാണ് നേടിയത്. 12 ഫോറും ആറ് സിക്‌സും ഇതിലുള്‍പ്പെടും.

നായിക സെഞ്ചുറി നേടിയിട്ടും മത്സരത്തിൽ ശ്രീലങ്കയ്ക്ക് വിജയിക്കാനായില്ല. 41 റണ്‍സിനായിരുന്നു ആദ്യ ടി20യില്‍ ശ്രീലങ്കയുടെ പരാജയം. എന്നാല്‍ മത്സരത്തിനിടെയുണ്ടായ അസാധാരണമായൊരു സംഭവമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ടോസിങ്ങിനിടെയാണു സംഭവം. സാധാരണ ടോസിനായി രണ്ട് ടീമിന്റേയും ക്യാപ്റ്റന്മാരാകും എത്തുക. ഇവിടെ ഓസീസ് നായിക മഗ് ലാന്നിങ് തനിക്കു പകരം സഹതാരം അലൈസ ഹീലിയെ ടോസ് വിളിക്കാനായി ഏല്‍പ്പിച്ചു. അവിശ്വസനീയമെന്ന് പറയാം, ഹീലി ടോസ് ജയിച്ചു. ഇതോടെ ലാന്നിങ് ബാറ്റിങ് തിരഞ്ഞെടുത്തു.

പിന്നാലെ ലാന്നിങ് തന്റെ വിചിത്ര തീരുമാനത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി. തീരുമാനം പോലെ വിചിത്രമായിരുന്നു അതിലേക്ക് നയിച്ച കാരണവും.

”നിങ്ങള്‍ക്ക് അറിയുമോ എന്നറിയില്ല. ടോസിന്റെ കാര്യത്തില്‍ എനിക്ക് തീരെ ഭാഗ്യമില്ല. അതുകൊണ്ടാണ് അലൈസ വന്നത്. അതു ഗുണമാവുകയും ചെയ്തു” ലാന്നിങ് പറഞ്ഞു.

ക്രിക്കറ്റില്‍ ഇതാദ്യത്തെ സംഭവമല്ലെന്നതാണ് രസകരം. കഴിഞ്ഞ വര്‍ഷം സിംബാബ്‌വെയ്‌ക്കെതിരായ ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് തനിക്ക് പകരം ജെപി ഡുമിനിയെയാണ് ടോസ് വിളിക്കാനായി ഏല്‍പ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook