ഡർബൻ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസ് വിജയത്തിന്റെ നിറംകെടുത്തിയ വാർണർ-ഡീകോക്ക് വാക്പോരിൽ വാർണറെ വിമർശിച്ച് മുൻ ഓസീസ് താരങ്ങൾ രംഗത്ത്. വാർണറുടെ ‘പോര് കാള’യെ പോലുളള പെരുമാറ്റം നിയന്ത്രിക്കണം എന്ന അഭിപ്രായമാണ് മുൻ താരങ്ങളിൽ നിന്ന് ഉയർന്നിരിക്കുന്നത്.

ഇതോടെ ഓസീസ് വൈസ് ക്യാപ്റ്റനും ടീമും കൂടുതൽ പ്രതിരോധത്തിലായി. മൈതാനത്ത് നടക്കുന്നത് മൈതാനത്ത് അവസാനിക്കണമെന്ന ഐസിസിയുടെ പെരുമാറ്റ ചട്ടം ലംഘിച്ചതിനെതിരെ വാർണർക്ക് വിലക്കടക്കമുളള ശിക്ഷാ നടപടികൾ നേരിടേണ്ടി വന്നേക്കും. ഡികോക്കിന് നേർക്ക് ഡ്രസിങ് റൂമിലേക്കുളള വഴിമധ്യേ അധിക്ഷേപിച്ച് കൊണ്ട് പാഞ്ഞടുക്കാൻ ശ്രമിക്കുന്ന വാർണറുടെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഓസ്ട്രേലിയ പ്രതിരോധത്തിലായത്.

വാർണറുടെ ഭാര്യക്കെതിരായ പരാമർശമാണ് പ്രശ്നത്തിന്റെ കാരണം എന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഡികോക്കിന്റെ അമ്മയെയും ഭാര്യയെയും അധിക്ഷേപിച്ചതിന് മറുപടിയായാണ് ഓസീസ് വൈസ് ക്യാപ്റ്റന് ഡീകോക്ക് മറുപടി നൽകിയതെന്നും ഇതോടെയാണ് വാർണർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതെന്നുമാണ് മറുവാദം. ഡീകോക്കിനെയും സഹതാരങ്ങളെയും വാർണർ അധിക്ഷേപിച്ചതായും ദക്ഷിണാഫ്രിക്ക കുറ്റപ്പെടുത്തിയിരുന്നു.

ആക്രമണ ബാറ്റിങ് ശൈലിയെ പരാമർശിച്ച് വാർണറെ പോര് കാള എന്ന ഇരട്ടപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. 2015 ൽ അത്‌ലറ്റായ കാന്റിസിനെ വിവാഹം കഴിച്ചതോടെ ഇദ്ദേഹം പുരോഹിതനെ പോലെ പെരുമാറാൻ തുടങ്ങിയെന്നാണ് ഓസീസ് താരങ്ങളുടെ അഭിപ്രായം. പോര് കാളയ്ക്കും പുരോഹിതനുമിടയിൽ മിതമായ സ്വഭാവം ഉണ്ടെങ്കിൽ വാർണർ ഇത് ശീലിക്കണമെന്നാണ് ഇപ്പോൾ ഗിൽക്രിസ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. “പോര് കാളയുടെ സ്വഭാവത്തിൽ നിയന്ത്രണം ആവശ്യമാണ്. പുരോഹിതന്റെ ശാന്തസ്വഭാവം വേണമെന്നല്ല. എങ്കിലും ഡേവിഡ് എന്തായാലും മിതത്വം പാലിക്കണം,” ഗിൽക്രിസ്റ്റ് അഭിപ്രായപ്പെട്ടു.

അതേസമയം വാർണർ ശാന്തനായില്ലെങ്കിൽ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകുമെന്നാണ് ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടത്. “തന്നെ അടിക്കാനുളള ഒരു വടിയാണ് വാർണർ ഇപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് നൽകിയിരിക്കുന്നത്. അടുത്ത മൂന്ന് ടെസ്റ്റിലും വാർണറെ, ഭാര്യയുടെ പേരിൽ നിരന്തരം ശല്യം ചെയ്യാൻ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ശ്രമിച്ചേക്കും. ആത്മനിയന്ത്രണം കൈവിടാതിരുന്നാൽ വാർണർക്ക് രക്ഷപ്പെടാം. അല്ലെങ്കിൽ കൂടുതൽ കുഴപ്പങ്ങളുണ്ടാകും,” ബ്രാഡ് ഹോഗ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ