പെർത്തിൽ അനായാസം ജയിക്കാമെന്ന വിരാട് കോഹ്‌ലിയുടെ കണക്കുകൂട്ടലാണ് ഓസ്ട്രേലിയ തകർത്തുകളഞ്ഞത്. ഇന്ത്യക്കുമേൽ 146 റൺസിന്റെ ജയവുമായാണ് ഓസ്ട്രേലിയ പരമ്പരയിൽ ഒപ്പമെത്തിയത്. ഓസീസ് നായകൻ എന്ന നിലയിൽ ടിം പെയ്നിന്റെ ആദ്യ ടെസ്റ്റ് വിജയത്തിനാണ് പെർത്ത് സാക്ഷ്യം വഹിച്ചത്.

രണ്ടാം ടെസ്റ്റിൽ കളിക്കളത്തിൽ വീറും വാശിയുമേറിയ പോരാട്ടത്തിന് മാത്രമല്ല ക്രിക്കറ്റ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്. രണ്ടു ക്യാപ്റ്റന്മാരുടെയും വാക്പോരിനും കൂടിയായിരുന്നു. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലും നാലാം ദിനത്തിലും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഓസീസ് നായകൻ ടിം പെയ്നും കൊമ്പുകോർത്തു. നാലാം ദിനത്തിൽ ക്യാപ്റ്റന്മാരുടെ പെരുമാറ്റം അതിരുവിട്ടതോടെ അമ്പയർ ക്രിസ് ജെഫാനി ഇടപെടുകയും ഇരുവർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ റൺ പൂർത്തിയാക്കാൻ ഓടുന്നതിനിടെയായിരുന്നു സംഭവം. ക്യാപ്റ്റന്മാരുടെ പെരുമാറ്റം അതിരുവിടുന്നുവെന്ന് മനസ്സിലാക്കിയ അമ്പയർ ‘ഇതു മതി, ഇനി കളിക്കാൻ നോക്കൂ’ എന്നു നിർദ്ദേശിച്ചു. ‘നിങ്ങൾ ടീമിന്റെ ക്യാപ്റ്റനാണ് ടിം’ എന്ന് ഓസീസ് നായകനെ അമ്പയർ ഓർമിപ്പിക്കുകയും ചെയ്തു. ‘ശാന്തനാകൂ, വിരാട്’ എന്ന് ഇന്ത്യൻ നായകനോട് അമ്പയർ പറയുന്നതും പുറത്തുവന്ന വീഡിയോയിൽ കേൾക്കാം.

മൂന്നാം ദിനത്തിലും കോഹ്‌ലിയും പെയ്നും തമ്മിൽ ഉരസിയിരുന്നു. പെയ്നെ പുറത്താക്കാൻ ഇന്ത്യ അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. ‘ഈ ഔട്ട് അംപയർ അനുവദിച്ചിരുന്നെങ്കിൽ പരമ്പര 2–0 ആയേനെ’ എന്നായിരുന്നു കോഹ്‍ലി പറഞ്ഞത്. ആദ്യ ടെസ്റ്റ് വിജയിച്ചതുപോലെ രണ്ടാം ടെസ്റ്റും ഇന്ത്യ നേടുമെന്നായിരുന്നു കോഹ്‌ലി ഉദ്ദേശിച്ചത്. ‘അതിനു മുൻപ് നിങ്ങൾ ഒന്നുകൂടി ബാറ്റു ചെയ്യണം, വിരാട്’ എന്നായിരുന്നു കോഹ്‌ലിക്ക് ഓസീസ് നായകൻ നൽകിയ മറുപടി.

പെർത്ത് ടെസ്റ്റിന്റെ തോൽവിക്കുശേഷവും വിരാട് കോഹ്‌ലിക്ക് ഓസീസ് നായകനോടുള്ള കലിപ്പ് അടങ്ങിയില്ല. മത്സരശേഷം പെയ്ൻ ഇന്ത്യൻ നായകന് കൈകൊടുത്തെങ്കിലും കോഹ്‌ലിയുടെ മുഖത്ത് വൈരാഗ്യമാണ് പ്രകടമായത്.

ഡിസംബർ 26 നാണ് ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്. മെൽബണിലെ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook