വിരാട് കോഹ്‌ലിയടക്കമുളള പരിചയസമ്പന്നരായ കളിക്കാരുടെ അഭാവത്തിലും ബ്രിസ്ബെയ്ൻ ടെസ്റ്റിൽ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യയെ ഒരിക്കലും വില കുറച്ച് കാണില്ലെന്നും ഈ പരമ്പരയിൽനിന്നും പഠിച്ച പാഠമാണിതെന്നും ഓസ്ട്രേലിയൻ പരിശീലൻ ജസ്റ്റിൻ ലാംഗർ പറഞ്ഞു. ”വളരെ മികച്ചൊരു മത്സരമായിരുന്നു. ഒരു മത്സരത്തിൽ എപ്പോഴും ഒരു വിജയിയും പരാജിതനും ഉണ്ടാകും. ഇന്നത്തെ വിജയി ടെസ്റ്റ് ക്രിക്കറ്റാണ്. ഇന്നത്തെ തോൽ ദീർഘനാൾ വേദനിപ്പിക്കും. പക്ഷേ ഇന്ത്യ അർഹിച്ച വിജയമാണ്. അവരുടെ പ്രകടനം അസാധ്യമായിരുന്നു, അതിൽനിന്നും ഞങ്ങൾ പാഠങ്ങൾ പഠിച്ചു,” ലാംഗർ ചാനൽ 7 നോടു പറഞ്ഞു.

ആദ്യം മനസിലാക്കേണ്ടത്, ഒന്നിനെയും ഒരിക്കലും നിസ്സാരമായി കാണരുത്, രണ്ടാമത്തേത് ഒരിക്കലും ഇന്ത്യക്കാരെ വിലകുറച്ച് കാണരുത്. ആദ്യ ടെസ്റ്റ് മാച്ച് ഞങ്ങൾ നേടിയിട്ടും ഒട്ടും നിരാശരാവാതെ അവർ പൊരുതി തിരിച്ചുവന്നു. അതിനുളള അംഗീകാരം അവർക്ക് കിട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

മത്സരത്തിൽ മികവുറ്റ പ്രകടനം പുറത്തെടുത്ത റിഷഭ് പന്തിനെയും ലാംഗർ അഭിനന്ദിച്ചു. ”പന്തിറ്റേത് അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു. പന്തിന്റെ ഇന്നിങ്സ് പലപ്പോഴും ബെൻ സ്റ്റോക്സിന്റെ ഇന്നിങ്സിനെ ഓർമിപ്പിച്ചു. ഒട്ടും തന്നെ ഭയമില്ലാതെയാണ് പന്ത് കളിച്ചത്,” ലാംഗർ പറഞ്ഞു.

Read More: നാലാം ടെസ്റ്റിലെ വിജയത്തിന് ശേഷം: ഇന്ത്യൻ യുവനിരയും ഭാവി പ്രതീക്ഷകളും

നാലാം ടെസ്റ്റിൽ മൂന്നു വിക്കറ്റിനാണ് ഓസ്ട്രേലിയയെ തോൽപ്പിച്ചത്. 2-1 നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ബ്രിസ്ബെയ്നിലെ ഇന്ത്യയുടെ ആദ്യ ജയമാണ്. 1988 നുശേഷം ബ്രിസ്ബെയ്നിൽ ഓസീസ് ആദ്യമായാണ് തോൽക്കുന്നത്. ഓസ്ട്രേലിയൻ മണ്ണിലെ തുടർച്ചയായ രണ്ടാം പരമ്പര വിജയമാണ്. ഇതോടെ ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യ നിലനിർത്തി.

രണ്ടാം ഇന്നിങ്സിൽ 328 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 97 ഓവറിൽ ലക്ഷ്യം മറികടന്നു. 91 റൺസെടുത്ത ശുഭ്മാൻ ഗില്ലും 89 റൺസെടുത്ത റിഷഭ് പന്തുമാണ് ഇന്ത്യയുടെ വിജയശിൽപികൾ. 56 റൺസെടുത്ത പൂജാരയുടെ ഇന്നിങ്സും വിജയത്തിൽ നിർണായകമായി. ഗില്ലും പൂജാരയും അർധസെഞ്ചുറി നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook