അവസാനം നിമിഷം വരെ ആതിഥേയരെ സമ്മർദ്ദത്തിലാക്കിയാണ് വാശിയേറിയ പോരാട്ടം ഇന്ത്യ സമനിലയിൽ പിടിച്ചത്. പന്തിന്റെ വെടിക്കെട്ടും അശ്വിന്റെയും വിഹാരിയുടെയും പ്രതിരോധവും ഓസ്ട്രേലിയൻ പദ്ധതികളെല്ലാം വെള്ളത്തിലാക്കി. മത്സരഫലത്തെക്കുറിച്ച് ചിന്തിച്ചട്ടില്ലായിരുന്നെന്നും അവസാനം വരെ പോരാടാനായിരുന്നു ടീമിന്റെ തീരുമാനമെന്നും ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെ പറഞ്ഞു.

മധ്യനിരയിൽ പന്തും പുജാരയും ചേർന്ന് ഒരു പ്രതീക്ഷയും ഇല്ലാത്തടുത്ത് നിന്ന് ടീമിനെ വിജയത്തിലേക്ക് വരെ എത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇരുവരും പുറത്തായതോടെ കാര്യങ്ങൾ ഇന്ത്യയ്ക്ക് അത്ര അനുകൂലമല്ലാത്ത സാഹചര്യത്തിലേക്ക് നീങ്ങി. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച അശ്വിനും വിഹാരിയും വിക്കറ്റ് കാത്തു. തോൽവി വഴങ്ങാതിരിക്കാൻ ഇരുവരും വൈകുന്നേര സെഷൻ മുഴുവൻ ബാറ്റ് ചെയ്തു.

Also Read: ‘തട്ടീം മുട്ടീം’ കങ്കാരുക്കളുടെ ക്ഷമ പരീക്ഷിച്ച് ഇന്ത്യ; സിഡ്‌നി ടെസ്റ്റ് സമനിലയിൽ

“ഇന്ന് രാവിലെ വരെ ഞങ്ങളുടെ സംസാരം മത്സര ഫലത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നായിരുന്നു. അവസാനം വരെ പോരാടണം. മത്സരത്തിലുടനീളം ഞങ്ങൾ പൊരുതിയ രീതിയിൽ ശരിക്കും സന്തോഷമുണ്ട്. ആദ്യ ഇന്നിങ്സിൽ 200ന് മുകളിൽ സ്കോർ പോയിട്ടും രണ്ട് വിക്കറ്റ് മാത്രം നഷ്ടമായ ഓസ്ട്രേലിയയെ 338 റൺസിന് പുറത്താക്കാൻ സാധിച്ചത് വളരെ നല്ല കാര്യമാണ്,” രഹാനെ പറഞ്ഞു.

ഇന്ത്യൻ പദ്ധതിക്ക് അനുസരിച്ച് അവസാനം നിമിഷം വരെ പോരാടിയ അശ്വിനെയും വിഹാരിയെയും രഹാനെ പ്രശംസിച്ചു. പന്തും മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം വരും മത്സരത്തിൽ ചില മേഖലകൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും രഹാനെ കൂട്ടിച്ചേർത്തു.

Also Read: ആരും കാണാത്തതുപോലെ വന്ന് ഗാർഡ് മാർക്ക് മായ്ച്ചു; ചതിയിലൂടെയല്ലാതെ കളിച്ചു ജയിച്ചൂടെയെന്ന് സ്‌മിത്തിനോട് ഇന്ത്യൻ ആരാധകർ

രണ്ടാം ഇന്നിങ്സിൽ 407 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് നേടി. ഒരു സമയത്ത് അനായാസം ജയിക്കുമെന്ന് തോന്നിയെങ്കിലും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന റിഷഭ് പന്ത്, ചേതേശ്വർ പുജാര എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതോടെ ഇന്ത്യ ട്രാക്ക് മാറ്റി. ഇന്ത്യയെ രണ്ടാം ഇന്നിങ്സിൽ അതിവേഗം ഓൾഔട്ട് ആകാൻ സാധിക്കുമെന്ന് വിശ്വാസത്തോടെയാണ് ഓസീസ് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. എന്നാൽ, ഓസീസിനെ പൂർണമായും നിരാശപ്പെടുത്തുന്ന രീതിയിലാണ് ഇന്ത്യ ബാറ്റ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook