scorecardresearch

Ashes 2021: ഗാബയില്‍ ഇംഗ്ലണ്ടിനെ 147 റണ്‍സിലൊതുക്കി ഓസ്ട്രേലിയ; കമ്മിന്‍സിന് അഞ്ച് വിക്കറ്റ്

അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആണ് ഇംഗ്ലണ്ടിനെ തകർത്തത്

Ashes 2021: ഗാബയില്‍ ഇംഗ്ലണ്ടിനെ 147 റണ്‍സിലൊതുക്കി ഓസ്ട്രേലിയ; കമ്മിന്‍സിന് അഞ്ച് വിക്കറ്റ്
Photo : England Cricket

ബ്രിസ്‌ബെയ്ൻ: ആഷസ് ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 147 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആണ് ഇംഗ്ലണ്ടിനെ തകർത്തത്. ചായക്ക് പിരിയുന്നതിന് മുന്‍പ് തന്നെ ഇംഗ്ലണ്ടിനെ പുറത്താക്കാന്‍ ഓസ്ട്രേലിയക്ക് കഴിഞ്ഞു. എന്നാല്‍ പിന്നീട് മഴ പെയ്തതോടെ ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു.

ആദ്യ പന്തിൽ തന്നെ റോറി ബേണ്‍സിന്റെ വിക്കറ്റ് പിഴുതു മിച്ചൽ സ്റ്റാർക്കാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്നെത്തിയ ഡേവിഡ് മലാന്‍ (6), ജോ റൂട്ട് (0) എന്നിവരെ നിലയുറപ്പിക്കും മുൻപേ ജോഷ് ഹേസല്‍വുഡും പുറത്താക്കി. ടീമിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ബെന്‍ സ്‌റ്റോക്‌സിനും പിടിച്ചു നിൽക്കാനായില്ല. അഞ്ച് റൺസെടുത്ത സ്റ്റോക്സിനെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മടക്കി. അതോടെ ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇംഗ്ലണ്ട് 59-4 എന്ന നിലയിൽ എത്തി.

ഉച്ചഭക്ഷണത്തിനു ശേഷം പാറ്റ് കമ്മിൻസ് സന്ദർശകർക്ക് അടുത്ത പ്രഹരം നൽകി. നന്നായി ബാറ്റ് ചെയ്തു കൊണ്ടിരുന്നു ഹസീബ് ഹമീദിനെ സ്റ്റീവ് സ്മിത്തിന്റെ കൈകളിൽ എത്തിച്ചു പുറത്താക്കി. പിന്നീട് ചേർന്ന ഒല്ലി പോപ് (35) ജോസ് ബട്‌ലര്‍ സഖ്യം ശ്രദ്ധയോടെ ബാറ്റു വീശി ടീം സ്കോർ നൂറ് കടത്തി. എന്നാല്‍ അധികം വൈകാതെ ബട്‌ലറെ പുറത്താക്കി സ്റ്റാര്‍ക്ക് ഓസീസിന്റെ വിക്കറ്റ് വേട്ട പുനരാരംഭിച്ചു. പുറത്താകും മുൻപ് 52 റൺസാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. അതിനു പിന്നാലെ ഒലി പോപ്പിനെ കാമറോൺ ഗ്രീനും പുറത്താക്കിയതോടെ ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ പതനം സമ്പൂർണമായി.

പിന്നീടെത്തിയ ക്രിസ് വോക്‌സ് (21), ഒല്ലി റോബിന്‍സണ്‍ (0), മാര്‍ക് വുഡ് (8) എന്നിവരെ കമ്മിന്‍സും പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 147 റൺസിൽ അവസാനിച്ചു. ഓസ്‌ട്രേലിക്കായി മിച്ചൽ സ്റ്റാർക്ക് ജോഷ് ഹേസൽവുഡ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും കാമറോൺ ഗ്രീൻ ഒരു വിക്കറ്റും നേടി.

Also Read: ശാരീരിക ക്ഷമത വീണ്ടെടുക്കാന്‍ ഹാര്‍ദിക് മുംബൈയില്‍; വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കില്ല

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Australia vs england 1st test aus vs eng score online updates