ലണ്ടൻ: മഴ വില്ലനായപ്പോൾ ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ വിജയം ഉറപ്പിച്ച മത്സരത്തിൽ കങ്കാരുപ്പടക്ക്​ നഷ്​ടമായത്​ വിലപ്പെട്ട ഒരു പോയൻറ്​. ബംഗ്ലാദേശിനെതിരായ​ മത്സരത്തിൽ ഓസ്ട്രേലിയ വിജയത്തിലേക്ക്​ നീങ്ങവെയാണ്​ ശക്​തമായ മഴ​ കാരണം കളി ഉപേക്ഷിക്കേണ്ടിവന്നത്​​. ഇതോടെ ഇരു ടീമുകളും ഓരോ പോയൻറ്​ വീതം പങ്കുവെച്ചു. നേരത്തേ ന്യൂസിലൻഡിനെതിരായ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിക്കേണ്ടി വന്ന ഓസ്ട്രേലിയക്ക് ഇതോടെ രണ്ടു മത്സരങ്ങളിൽ രണ്ടു പോയൻറ്​ മാത്രമാണ്​ കയ്യിലുള്ളത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട്​ തോറ്റ ബംഗ്ലാദേശിന്​ മഴ അനുഗ്രഹമായി. വിലപ്പെട്ട ഒരു പോയന്റാണ് ഇവർക്ക്​ സ്വന്തമാക്കാനായത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 44.3 ഓവറിൽ 182 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 16 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റണ്‍സെടുത്തു നിൽക്കെയാണ് ശക്തമായ മഴ പെയ്തത്. ഇതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ആരോൺ ഫിഞ്ചി​​ന്റെ (19) വിക്കറ്റാണ്​ ഓസീസിന്​ നഷ്​ടമായത്​. ഡേവിഡ്​ വാർണറും (40) ക്യാപ്​റ്റൻ സ്​റ്റീവ്​ സ്​മിത്തുമായിരുന്നു(22) ​ക്രീസിൽ.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി തമീം ഇക്ബാൽ(95) മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ സെഞ്ചുറി നേടിയ തമീം ഇക്ബാൽ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്തു. എന്നാൽ തമീമിനു വേണ്ട പിന്തുണ നൽകാൻ മറ്റുള്ളവർക്കായില്ല. ഓസ്ട്രേലിയൻ പേസർമാരുടെ മൂർച്ചയേറിയ ബൗളിംഗിനു മുന്നിൽ ബംഗ്ലാ ബാറ്റ്സ്മാൻമാർ കടപുഴകി വീണുകൊണ്ടിരുന്നു. ആസ്​ട്രേലിയക്കായി മിച്ചൽ സ്​റ്റാർക്ക്​ നാലു വിക്കറ്റ്​ വീഴ്​ത്തിയപ്പോൾ ആഡം സാംപ രണ്ടു വിക്കറ്റും ജോഷ്​ ഹേസൽവുഡ്​, പാറ്റ്​ കമ്മിൻസ്​, ട്രാവിസ്​ ഹെഡ്​, മോയ്​സസ്​ ഹെന്റിക്വസ്​ എന്നിവർ ഓരോ വിക്കറ്റ്​ വീതവും വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ