ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം സ്ഥിരീകരിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. മാർച്ചിൽ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഒരു ടി20യും ഓസ്ട്രേലിയ പാകിസ്ഥാനിൽ കളിക്കും. മാർച്ച് നാലിന് ടെസ്റ്റ് പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാവുക. ഏപ്രിൽ അഞ്ചിനാണ് ഏക ടി20 മത്സരം.
1998ന് ശേഷം ആദ്യമായാണ് ഓസീസ് പുരുഷ ടീം പാകിസ്ഥാനിൽ പര്യടനം നടത്തുന്നത്.
“24 വർഷത്തിന് ശേഷം ആദ്യമായി ഈ പര്യടനം നടക്കുമെന്ന് ഉറപ്പാക്കിയതിന് പിസിബിക്കും പാകിസ്ഥാൻ, ഓസ്ട്രേലിയൻ സർക്കാരുകൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് ചരിത്രപരമായ ഒരു അവസരവും ക്രിക്കറ്റിന്റെ ആഗോള വളർച്ചയ്ക്കും ആരോഗ്യത്തിനും പ്രധാനപ്പെട്ട ഒന്നുമാണ്.” ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ നിക്ക് ഹോക്ക്ലി പറഞ്ഞു.
“പര്യടനത്തിന്റെ ആസൂത്രണത്തിൽ സഹകരിച്ചതിന് ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷനോടും കളിക്കാർ, പരിശീലകർ, സപ്പോർട്ട് ടീമുകൾ, സ്റ്റാഫ്, സുരക്ഷാ വിദഗ്ധർ എന്നിവർക്കും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: നിയമവിരുദ്ധമായ ബൗളിങ് ആക്ഷൻ; പാകിസ്ഥാൻ താരം ഹസ്നൈന് വിലക്ക്
പാകിസ്ഥാൻ പര്യടനത്തിന്റെ ഷെഡ്യൂൾ:
മാർച്ച് 4-8: ഒന്നാം ടെസ്റ്റ്, റാവൽപിണ്ടി
മാർച്ച് 12-16: രണ്ടാം ടെസ്റ്റ്, കറാച്ചി
മാർച്ച് 21-25: മൂന്നാം ടെസ്റ്റ്, ലാഹോർ
മാർച്ച് 29: ഒന്നാം ഏകദിനം, റാവൽപിണ്ടി
മാർച്ച് 31: രണ്ടാം ഏകദിനം, റാവൽപിണ്ടി
ഏപ്രിൽ 2: മൂന്നാം ഏകദിനം, റാവൽപിണ്ടി
ഏപ്രിൽ 5: ടി20 ഐ, റാവൽപിണ്ടി