ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 30000 കാണികൾക്ക് പ്രവേശനം. മെൽബണിൽ നടക്കുന്ന മത്സരത്തിലാണ് കോവിഡ് വ്യാപനം കുറഞ്ഞതോടെ കൂടുതൽ കാണികളെ പ്രവേശിപ്പിക്കൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചത്. കഴിഞ്ഞ 40 ദിവസത്തിനിടയിൽ ഒരു കോവിഡ് കേസ് പോലും വിക്ടോറിയയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.
നേരത്തെ പ്രതിദനം 25000 കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാൽ പുതിയതായി കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കൂടുതൽ കാണികൾക്ക് അവസരം നൽകുകയായിരുന്നു. വിക്ടോറിയ കായിക മന്ത്രി മാർട്ടിൻ പകുല സോഷ്യൽ മീഡിയ വഴിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഈ വർഷം മാർച്ചിൽ നടന്ന വനിതാ ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ മെൽബണിലെത്തുന്ന മത്സരമായിരിക്കും ഓസ്ട്രേലിയ – ഇന്ത്യ രണ്ടാം ടെസ്റ്റ്. വനിതാ ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ കലാശപോരാട്ടം കാണാൻ 86000 പേരാണ് അന്ന് സ്റ്റേഡിയത്തിലെത്തിയത്.
ഡിസംബർ 17 നാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. നാല് മത്സരങ്ങളടങ്ങുന്നതാണ് ബോർഡർ – ഗവാസ്കർ ട്രോഫിക്കുവേണ്ടിയുള്ള പരമ്പര. നേരത്തെ ഏകദിന പരമ്പര ഓസ്ട്രേലിയയും ടി20 പരമ്പര ഇന്ത്യയും സ്വന്തമാക്കിയിരുന്നു.