ക്രിസ്റ്റ്ചർച്ച്: അണ്ടർ 19 ലോകകപ്പിന്റെ ആദ്യസെമിയിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് വിജയം. ജാക്ക് എഡ്വേർഡിന്റെ അർദ്ധസെഞ്ച്വറിയുടെ മികവിലാണ് ഓസീസ് പട അഫ്‌ഗാനിസ്ഥാന്റെ കുതിപ്പിന് അവസാനം കുറിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് പ്രതീക്ഷിച്ച പോലെ ബാറ്റിംഗിൽ മികവു കാട്ടാനായില്ല. ഇക്രം അലി ഖാൻ (80) മാത്രമാണ് ഓസ്ട്രേലിയയുടെ ബോളിംഗ് ആക്രമണത്തിന് മുന്നിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. ആദ്യം ബാററ് ചെയ്ത അഫ്ഗാനിസ്ഥാൻ 181 റൺസിന് എല്ലാവരും പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 75 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. ഓപ്പണർ ജാക്ക് എഡ്വേർഡ് നേടിയ 72 റൺസാണ് ഓസീസിന് വിജയത്തിന്റെ നട്ടെല്ലായത്. മുജീബ് സാദ്രാൻ തുടക്കത്തിൽ തന്നെ ഓസീസ് ഓപ്പണർ മാക്സ് ബ്രാന്റിനെ മടക്കിയെങ്കിലും ഒരറ്റത്ത് ജാക് കൂട്ടുകെട്ടുകൾ പടുത്തുയർത്തി ഓസീസിനെ ലക്ഷ്യത്തിലെത്തിച്ചു.

മെർലോ ഓസീസിന് വേണ്ടി 24 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. ഇവാൻസ് 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റും. ഇക്രം അലിക്ക് പിന്തുണ നൽകാൻ ആർക്കും സാധിക്കാതെ പോയതാണ് അഫ്ഗാനിസ്ഥാന് തിരിച്ചടിയായത്.

നാളെ നടക്കുന്ന രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ