ലണ്ടന്‍: ഫുട്‌ബോളിന് പിന്നാലെ ക്രിക്കറ്റിലും വമ്പന്മാര്‍ക്ക് അടിതെട്ടുന്നു. 2019 ല്‍ ലോകകപ്പ് നടക്കാനിരിക്കെ നാണംക്കെട്ട് ക്രിക്കറ്റ് ഭീമന്മാരായ ഓസ്‌ട്രേലിയ. തങ്ങളുടെ 34 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഐസിസി റാങ്കിങ്ങിലേക്കാണ് ഓസീസ് ടീം വീണിരിക്കുന്നത്.

ഐസിസി റാങ്കിങ്ങില്‍ ആറാമതേക്കാണ് ഓസ്‌ട്രേലിയ പതിച്ചിരിക്കുന്നത്. തൊട്ടു പിന്നിലുണ്ടായിരുന്ന പാക്കിസ്ഥാന്‍ ഇതോടെ അഞ്ചാമതെത്തി. 1984ന് ശേഷം ഇത്രയും മോശം റാങ്കിലേക്ക് ഓസ്‌ട്രേലിയ വീഴുന്നത് ഇതാദ്യമായാണ്. നിലവില്‍ ഇംഗ്ലണ്ടാണ് റാങ്ക് പട്ടികയില്‍ ഒന്നാമത്. തൊട്ടു പിന്നാലെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡുമാണ് ആദ്യ നാലില്‍.

ഇംഗ്ലണ്ടിനെതിരെ അഞ്ച് മൽസരങ്ങളുടെ ഏകദിന പരമ്പരയില്‍ കളിക്കുകയാണ് ഓസ്‌ട്രേലിയ. രണ്ട് കളികള്‍ പരാജയപ്പെട്ടതോടെയാണ് ഓസ്‌ട്രേലിയ റാങ്കിങ്ങില്‍ പിന്നോട്ട് പതിച്ചത്. ഇതോടെ ടീമിന് നഷ്‌ടമായത് 102 പോയിന്റാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കളിച്ച 15 ഏകദിനങ്ങളില്‍ 13 എണ്ണത്തിലും ഓസ്‌ട്രേലിയകള്‍ക്ക് പരാജയപ്പെടാനായിരുന്നു വിധി.

രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 343 മറികടക്കാനിറങ്ങിയ ഓസീസിനായി 131 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷ് മാത്രമാണ് തിളങ്ങിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്‌ടമായതാണ് ഓസ്‌ട്രേലിയയ്‌ക്ക് വിനയായത്. പരാജയത്തെ കുറിച്ച് മാര്‍ഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

”ഞങ്ങള്‍ അവസാനം വരെ കളിച്ചു. പക്ഷെ പരാജയപ്പെട്ടു. ഒരുപാട് നന്നാകാനുണ്ട്. ശരിയായ പാതയിലാണെങ്കിലും.”

നിലവിലെ ഐസിസി ഏകദിന റാങ്കിങ് ഇങ്ങനെയാണ്. ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക, വിന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, സിംബാബ്‌വെ, അയര്‍ലൻഡ്, സ്‌കോട്ട്‌ലാന്റ്, യുഎഇ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ