കഴിഞ്ഞ കുറച്ച് മാസങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടുകയാണ് ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തും ഉപനായകൻ ഡേവിഡ് വാർണറും. ഇരുവരുടെയും അഭാവത്തിന് വലിയ വില ഇതുവരെ കൊടുത്തുകഴിഞ്ഞു. ഇന്ത്യക്കെതിരായ ടെസ്റ്റിന് ഇറങ്ങുമ്പോഴും ഓസീസിന് തലവേദനയാകുന്നത് ബാറ്റ്കൊണ്ടും തന്ത്രങ്ങൾകൊണ്ടും എതിരാളികളെ കീഴടക്കുന്ന അനുഭവ സമ്പന്നരായ നായകന്മാർ ഇല്ല എന്നത് തന്നെയാണ്.

എന്നാൽ ടീമിന്റെ ഭാഗം അല്ലെങ്കിലും ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ തങ്ങളാൽ ആകാവുന്നതെല്ലാം ഓസ്ട്രേലിയക്കായി ചെയ്യുകയാണ് ഇരുവരും. റൺമെഷ്യൻ വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഓസിസ് പര്യടനത്തിന് എത്തിയിരിക്കുന്നത്. ഓസ്ട്രേലിയ നേരിടുന്ന പ്രധാന വെല്ലുവിളിയും അത് തന്നെയാണ്. വിദേശ മണ്ണിലും സ്വന്തം നാട്ടിലും ഒരേപോലെ അക്രമണ രീതിയിൽ ബാറ്റ് വീശുന്ന കോഹ്‍ലി. ഇന്ത്യൻ നായകന്റെ ബാറ്റിന്രെ ചൂട് മൂന്നാം ടി20യിൽ ഓസ്ട്രേലിയ നന്നായി അറഞ്ഞതാണ്.

ടെസ്റ്റ് മത്സരങ്ങളിലും ഓസ്ട്രേലിയക്ക് നേരിടേണ്ടി വരിക വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ വിരാട്, രോഹിത് സഖ്യത്തെയാണ്. പേസിന് അനുകൂലമായ പിച്ചാണെങ്കിലും മികച്ച ബോളർമാർ ടീമിലുണ്ടെങ്കിലും ഓസ്ട്രേലിയ സംബന്ധിച്ചടുത്തോളം അതൊന്നും അത്ര അനുകൂലമായ കാര്യങ്ങളല്ല. അത്കൊണ്ട് തന്നെയാണ് ഓസിസ് ടീം സ്മിത്തിന്റെയും വാർണറുടെയും സഹായം തേടുന്നത്.

ഇന്ത്യക്കെതിരായ മൂന്നാം ടി20ക്ക് മുമ്പ് ഓസ്ട്രേലിയയുടെ പരിശീലനത്തിന് വാർണറും ഉണ്ടായിരുന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർ നെറ്റ്സിൽ പരിശീലനം നടത്തുമ്പോൾ ബാറ്റ് ചെയ്തുകൊടുത്തത് വാർണറായിരുന്നു. ജോഷ് ഹസ്ൽവുഡ്, പാറ്റ് കുമ്മിൻസ് എന്നിവർ കോച്ച് ജസ്റ്റിൻ ലാൻഗറുടെ സാനിധ്യത്തിൽ വാർണർക്ക് പന്തെറിയുന്ന കാഴ്ചയാണ് സിഡ്നിയിൽ കണ്ടത്.

മത്സരത്തിന് മുമ്പ് വാർണർ ടീമിന്റെ ഡ്രസ്സിങ് റൂമിലേക്കും ക്ഷണിക്കപ്പെട്ടിരുന്നു എന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിശീലനത്തിന് സ്മിത്തിന്റെ സഹായവും തേടിയിട്ടുണ്ട് എന്ന് മിച്ചൽ സ്റ്റാർക്ക് വെളിപ്പെടുത്തിയതായി എൻഡിടിവിയും റിപ്പോർചട്ട് ചെയ്യുന്നു.

പേസർമാർ സീനിയർ താരങ്ങളുടെ സഹായം തേടുന്നതിന് പ്രധാന കാരണം വിരാട് കോഹ്‍ലി എന്ന അക്രമണകാരിയായ ബാറ്റ്സ്മാൻ തന്നെയാണ്. ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണിൽ തകർത്തടിച്ച ശേഷം ഇന്ത്യയിൽ എത്തിയ വിൻഡീസ് താരങ്ങളെയും കോഹ്‍ലി വെറുതെ വിട്ടില്ല. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ 41 പന്തിൽ നിന്നും 61 റൺസ് നേടി ഇന്ത്യൻ വിജയത്തിൽ നിർണായകമായതും കോഹ്‍ലി തന്നെ.

ഇന്ത്യ-ഓസീസ് ടി20 പരമ്പരിയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തകർപ്പൻ ജയമാണ് നേടിയത്.ആറ് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ കീഴ്‍പ്പെടുത്തിയത്. ബാറ്റിങ്ങിൽ നായകൻ വിരാട് കോഹ്‍ലിക്ക് പുറമെ ധവാനും ബോളിങ്ങിൽ ക്രുണാൽ പാണ്ഡ്യയും തിളങ്ങിയ മത്സരത്തിൽ ഇന്ത്യ അവസാന ഓവറിലാണ് വിജയം ആഘോഷിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ