മാഞ്ചസ്റ്റര്‍: ആഷസ് ട്രോഫി ഓസീസ് നിലനിര്‍ത്തി. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 185 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസീസ് ആഷസ് കീരിടം നിലനിര്‍ത്തിയത്.
383 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 197 റണ്‍സിന് പുറത്താകുകയായിരുന്നു. ഒന്നാം ഇന്നിങ്സില്‍ ഇരട്ടസെഞ്ചുറിയും രണ്ടാം ഇന്നിങ്സില്‍ അധ സെഞ്ചുറിയും നേടിയ സ്റ്റീവ് സ്മിത്ത് ആണ് കളിയിലെ കേമന്‍.
സ്കോര്‍: ഓസീസ്-497-8, 186-6. ഇംഗ്ലണ്ട്-301, 197. അടുത്ത കളി ഇംഗ്ലണ്ട് ജയിച്ചാലും ആഷസ് കിരീടം ലഭിക്കില്ല. 18 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ടിന്റെ മണ്ണില്‍ ഓസീസ് കീരിടം നേടുന്നത്. കളിയില്‍ പാറ്റ് കമ്മിന്‍സ് നാലുവിക്കറ്റ് വീഴ്ത്തി. രണ്ട് പേരെ വീതം ഹെയ്സല്‍വുഡും ലിയോണും വീഴ്ത്തി.
അര്‍ധ സെഞ്ചുറി നേടിയ ജോ ഡെന്‍ലിയെ (53) ലിയോണും മടക്കിയതോടെ ഇംഗ്ലണ്ട് തോല്‍വി ഉറപ്പിച്ചതാണ്. എന്നാല്‍ ആറാം വിക്കറ്റില്‍ ജോണി ബെയര്‍സ്റ്റോയും ജോസ് ബട്ലറും ഇംഗ്ലണ്ടിന്റെ ആയുസ് നീട്ടിനല്‍കി.
61 പന്തില്‍ 25 റണ്‍സെടുത്ത ബെയര്‍സ്റ്റോയെ സ്റ്റാര്‍ക്കും 111 പന്തില്‍ 34 റണ്‍സെടുത്ത ബട്ലറെ ഹെയ്സല്‍വുഡും പുറത്താക്കിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. 51 പന്തില്‍ 12 റണ്‍സെടുത്ത ലീച്ചിനെ ലബുഷാഗ്നെ പുറത്താക്കി. 105 പന്ത് നേരിട്ട് പൊരുതിയ ഓവര്‍ട്ടനെ ഹെയ്സല്‍വുഡ് എല്‍ബിയില്‍ കുടുക്കിയതതോടെ മാഞ്ചസ്റ്റര്‍ ടെസ്റ്റും ആഷസും ഓസീസ് സ്വന്തമാക്കി.