ഇന്ത്യക്കെതിരെ സിഡ്നിയിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഓസ്ട്രേലിയ വിജയം സ്വന്തമാക്കി. ജയത്തോടെ പരമ്പരയിൽ മുന്നിലെത്തിയ ഓസിസ് മറ്റൊരു ചരിത്രം കൂടിയെഴുതി. ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ 1000 വിജയം എന്ന നാഴികകല്ലാണ് ഇന്ത്യക്കെതിരായ ജയത്തോടെ ഓസ്ട്രേലിയ സ്വന്തമാക്കിയത്.
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലുമായാണ് ഓസ്ട്രേലിയൻ ടീം 1000 വിജയങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. 1877 മാർച്ച് 15ന് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സരം ജയിച്ചുകൊണ്ടായിരുന്നു കങ്കാരുക്കളുടെ തുടക്കം. പിന്നീട് ഏറെക്കാലം ക്രിക്കറ്റ് ലോകത്തെ പ്രതാപികളായി ഓസ്ട്രേലിയ തലയുയർത്തി നിന്നു.
818 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഓസ്ട്രേലിയ ജയിച്ചത് 384 മത്സരങ്ങളിൽ. ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിൽ രണ്ടാം സ്ഥാനത്താണെങ്കിലും ഏറ്റവും കൂടുതൽ ജയങ്ങളിൽ കങ്കാരുക്കൾ തന്നെയാണ് മുന്നിൽ. 920 ഏകദിന മത്സരങ്ങളാണ് ഓസ്ട്രേലിയ കളിച്ചത് ഇതിൽ 558 മത്സരങ്ങളിലും അവർ ജയിക്കുകയും ചെയ്തു. ഏകദിന വിജയങ്ങളിലും ഓസ്ട്രേലിയ തന്നെയാണ് മുന്നിൽ. എന്നാൽ 114 ടി20 മത്സരങ്ങളിൽ 58 വിജയങ്ങളുള്ള ഓസ്ട്രേലിയ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ 34 റൺസിനാണ് ആതിഥേയർ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 288 റൺസെന്ന സാമന്യം ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുക്കാനെ കഴിഞ്ഞുള്ളു.