ചെന്നൈ: ഇന്ത്യ – ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് വിജയിക്കാൻ 21 ഓവറിൽ വേണ്ടത് 164 റൺസ്. മഴമൂലം കളി തടസ്സപെട്ടതിനെ തുടർന്നാണ് ഓസ്ട്രേലിയയുടെ വിജയലക്ഷ്യം പുനർ നിശ്ചയിച്ചത്.

നേരത്തേ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ 281 റൺസ് നേടിയിരുന്നു. അർദ്ധസെഞ്ച്വറി നേടിയ ഹർദ്ദിക് പാണ്ഡ്യെ(83)യുടെയും മുൻ നായകൻ എംഎസ് ധോനി(79)യുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്.

ഇന്ത്യൻ ഇന്നിംഗ്സിന് ശേഷമാണ് മഴ പെയ്തത്. ഒരു പന്ത് പോലും എറിയാനാകാതെ മണിക്കൂറുകൾ നഷ്ടപ്പെട്ടതോടെയാണ് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയുടെ വിജയലക്ഷ്യം പുനർനിശ്ചയിച്ചത്.

50 ഓവറിൽ 281 റൺസ് എന്ന ലക്ഷ്യം മാറി 21 ഓവറിൽ 164 ആയതോടെ ആദ്യ ഏകദിന മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സ് ട്വന്റി ട്വന്റി മത്സരത്തിന്റെ സ്വഭാവത്തിലേക്ക് മാറി. മഴയിൽ നനഞ്ഞ മൈതാനത്ത് റൺസ് നേടുവാൻ ഓസീസ് ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടുമോയെന്നാണ് അറിയേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ