ലണ്ടൻ: പന്തിൽ കൃത്രിമത്വം കാട്ടി കുടുക്കിലായ ഓസ്ട്രേലിയൻ ടീമിന് നേരെ കൂടുതൽ ആരോപണങ്ങളുമായി ഇംഗ്ലീഷ് മാധ്യങ്ങൾ രംഗത്ത്. ജനുവരിയിൽ​ നടന്ന ആഷസ് പരമ്പരയിൽ ഓസ്ട്രേലിയൻ താരങ്ങൾ മനഃപൂർവ്വം പന്തിൽ കൃത്രിമത്വം കാട്ടിയെന്നാണ് ആരോപണം. കാമറൂൺ ബാൻകോഫ്റ്റ് പന്തിൽ കൃതൃമം കാട്ടാൻ വേണ്ടി പഞ്ചസാര ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിനിടെയാണ് സംഭവം. മൽസരത്തിന്റെ വിശ്രമവേളയിൽ ഡ്രസിങ് റൂമിൽ നിന്ന് പഞ്ചസാര ശേഖരിക്കുന്ന ബാൻകോഫ്റ്റിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങൾ പുറത്ത് വിട്ടത്. സ്പൂണിൽ പഞ്ചസാര കോരിയെടുത്ത് ബാൻകോഫ്റ്റ് തന്റെ പോക്കറ്റിൽ നിക്ഷേപിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പഞ്ചസാര തരികൾ ഉപയോഗിച്ച് പന്തിന്റെ ഷൈനിങ് കൂട്ടാൻ കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

പഞ്ചസാര തരികൾ ഉപയോഗിച്ച് പന്തിൽ ഗ്രിപ്പ് വരുത്താൻ​ കഴിയുമെന്നും ക്രിക്കറ്റ് പണ്ഡിതൻമാർ പറയുന്നു. ബാൻകോഫ്റ്റിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ആഷസ് പരമ്പരയിലും ഓസീസ് താരങ്ങൾ ഇത്തരത്തിലുളള ചതി നടത്തിയിട്ടുണ്ടെന്ന് മുതിർന്ന ഇംഗ്ലണ്ട് താരവും കമന്ററേറ്ററുമായ മൈക്കൽ വോൺ ആരോപിച്ചിരുന്നു. അതിനാൽ ആഷസ് കിരീടം ഇംഗ്ലണ്ടിന് തിരിച്ച് നൽകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

കാമറൂൺ ബാൻകോഫ്റ്റിനെയാണ് പന്തിൽ കൃത്രിമത്വം കാട്ടാൻ​​ ഓസ്ട്രേലിയ നിയോഗിച്ചിട്ടുളളതെന്നും, കളളത്തരം കാട്ടുന്നതിൽ ഇവൻ​ വിരുതനാണെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ ആരോപിക്കുന്നു.

ക്രിക്കറ്റിൽ ഫീൽഡ് ചെയ്യുന്ന ടീമുകൾ പന്തിന്റെ ഷൈനിങ് നിലനിർത്തുന്നതിനായി ഒരു താരത്തെ ചുമതലപ്പെടുത്താറുണ്ട്. ഇതിൽ വിദഗ്ധനായ താരമാണ് ഓസ്ട്രേലിയയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ കാമറൂൺ ബാൻകോഫ്റ്റ്. എന്നാൽ കൃത്രിമമായ രീതിയിൽ പന്തിന്റെ സ്വാഭാവികത തകർത്ത കാമറൂൺ ബാൻകോഫ്റ്റ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മൽസരത്തിലാണ് പിടിക്കപ്പെടുന്നത്. ഓസ്ട്രേലിയൻ നായകൻ സ്റ്റീഫ് സ്മിത്തിന്റെ നിർദേശപ്രകാരമാണ് ബാൻകോഫ്റ്റ് ഇത് ചെയ്തതെന്ന് നായകൻ​ തന്നെ സമ്മതിച്ചിരുന്നു.

സംഭവത്തിൽ ഓസ്ട്രേലിയൻ​ നായകൻ സ്റ്റീവ് സ്മിത്തിനെ ഐസിസി ഒരു മൽസരത്തിൽ നിന്ന് വിലക്കുകയും ബാൻകോഫ്റ്റിന് പിഴ ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. വിവാദത്തിൽ ഉൾപ്പെട്ട താരങ്ങളെ ആജീവനാന്തം വിലക്കാനുളള നീക്കത്തിലാണ് ഓസ്ട്രേിയൻ സർക്കാരും.

ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമത്വം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയായിരുന്നു ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് ആരംഭിക്കുന്നത്. ആ ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവന്നത് സോട്ടാനി ഓസ്‌കാര്‍ എന്ന ക്യാമറാമാനാണ്. ദക്ഷിണാഫ്രിക്കന്‍ ടെലിവിഷന്‍ ചാനലിലെ ലീഡിങ് ക്യാമറാമാനാണ് ഓസ്‌കാര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ