ദുബായ്: ക്രിക്കറ്റ് ലോകത്തെ അതികായന്മാരായ ഓസ്‌ട്രേലിയ ഇന്ന് പഴയ പ്രതാപത്തോടെയല്ല കളിക്കുന്നതെങ്കിലും ലോകത്തെ ഏറ്റവും ശക്തന്മാരു തന്നെയാണവര്‍. എന്നാല്‍ പാക്കിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ അവരെ തേടിയെത്തിയിരിക്കുന്നത് നാണക്കേടിന്റെ റെക്കോര്‍ഡാണ്.
ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്തതിനുശേഷമാണ് ഓസ്ട്രേലിയ കൂട്ടത്തകര്‍ച്ചയെ നേരിട്ടത്. 60 റണ്‍സെടുക്കുന്നതിനിടെ 10 വിക്കറ്റുകള്‍ ഓസ്ട്രേലിയക്ക് നഷ്ടമാകുകയായിരുന്നു. മത്സരത്തില്‍ ഓസ്ട്രേലിയ 202 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടിനു ശേഷമുള്ള കൂട്ടത്തകര്‍ച്ച നേരിട്ട ടീമുകളില്‍ മൂന്നാം സ്ഥാനമാണ് ഓസീസ് സ്വന്തമാക്കിയത്.
രസകരമായ വസ്തുത ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണെന്നതാണ്. 1946ല്‍ ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോഡില്‍ ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത ശേഷം വെറും 46 റണ്‍സിനിടെയാണ് ഇന്ത്യ 10 വിക്കറ്റുകള്‍ നഷ്ടമാക്കിയത്. ഓപ്പണിങ് വിക്കറ്റില്‍ 124 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇന്ത്യ 46 റണ്‍സുകൂടി ചേര്‍ക്കുമ്പോഴേക്കും ഓള്‍ഔട്ടായത്.
ന്യൂസിലന്‍ഡാണ് ഇക്കാര്യത്തില്‍ രണ്ടാമതുള്ളത്. 1974ല്‍ ഓക്‌ലന്‍ഡില്‍ ഓസ്ട്രേലിയയ്ക്കെതിരായാണ് ന്യൂസിലന്‍ഡ് നാണം കെട്ടത്. വിക്കറ്റ് നഷ്ടം കൂടാതെ 107 റണ്‍സ് എന്ന നിലയിലായിരുന്ന ന്യൂസിലന്‍ഡ് പിന്നീട് 158 റണ്‍സിന് എല്ലാവരും പുറത്തായി.