ക്രിക്കറ്റ് ലോകത്തെ കിരീടം ചൂടിയ രാജാക്കന്മാര്‍ തന്നെയായിരുന്നു ഇന്നലെ വരെ ഓസ്‌ട്രേലിയ. എന്നാല്‍ ഇന്ന് തങ്ങളുടെ നിഴൽ പോലും ആകാന്‍ ഓസീസ് നിരയ്ക്കാകുന്നില്ല. സ്മിത്തും വാര്‍ണറും കൂടെ പുറത്തായതോടെ പോണ്ടിങ്ങും മഗ്രാത്തും ഹെയ്ഡനും ഗില്ലിയുമൊക്കെ അണിനിരന്ന ഇതിഹാസ നിരയില്‍ നിന്നും ലക്ഷ്യ ബോധമില്ലാത്ത ആള്‍ക്കൂട്ടമായി മാറിയിരിക്കുകയാണ് കംഗാരുപ്പട.
ഏകദിനത്തില്‍ തുടര്‍ച്ചയായ ഏഴ് മത്സരങ്ങളാണ് ഓസ്‌ട്രേലിയ പരാജയപ്പെട്ടത്. അഞ്ച് പരമ്പരകളില്‍ തുടര്‍ച്ചയായി കിരീടമില്ല. ആറാമത്തെ പരമ്പരയും തുടങ്ങിയിരിക്കുന്നത് പരാജയത്തോടെയാണ്. 1996 ലാണ് ഇതിനു മുമ്പ് ഓസ്‌ട്രേലിയ ഇത്രയും മത്സരം തുടര്‍ച്ചയായി പരാജയപ്പെട്ടത്. അന്ന് പക്ഷെ ആറ് മത്സരങ്ങളില്‍ മാത്രമായിരുന്നു തോറ്റിരുന്നത്. ഏഴു തോല്‍വികള്‍ ഇതാദ്യമായാണ്.
ഈ വര്‍ഷം ഓസ്‌ട്രേലിയയ്ക്ക് ജയിക്കാനായത് ഒരേയൊരു മത്സരത്തില്‍ മാത്രമാണെന്നതാണ് മറ്റൊരു അവിശ്വസനീയത. 11 ഏകദിനങ്ങളാണ് ഇക്കൊല്ലം കളിച്ചത്. അതില്‍ ഒന്നില്‍ മാത്രമേ ജയിക്കാനായുള്ളൂ ഓസീസിന്. പത്തെണ്ണം തോറ്റു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു കളി മാത്രം ജയിച്ച മറ്റ് ടീമുകള്‍ ഏതെന്നു കൂടി അറിയണം, ഹോങ്കോങ്, നേപ്പാള്‍, ഹോളണ്ട്, പാപ്പുവ ന്യൂഗിനി എന്നിവയാണ് അത്. അതായത്, അസോസിയേറ്റ് ടീമുകളേക്കാള്‍ പിന്നിലാണ് ഓസ്‌ട്രേലിയ എന്ന് സാരം. അഫ്ഗാനിസ്ഥാനും സ്‌കോട്‌ലൻഡും ചരിത്രപരമായ കുതിപ്പ് നടത്തുന്ന കാലത്താണ് ഓസ്‌ട്രേലിയ പിന്നിലേക്ക് നടക്കുന്നത്.
തുടര്‍ച്ചയായ 21 ഏകദിനം ജയിച്ചിട്ടുള്ള ടീമായ ഓസ്‌ട്രേലിയ ഒരു ഏകദിന പരമ്പര നേടിയിട്ട് തന്നെ 22 മാസമായി. 2017 ല്‍ പാക്കിസ്ഥാനെതിരെ 4-1 ന് പരമ്പര നേടിയതിന് ശേഷം ഒരു പരമ്പര പോലും ഓസ്‌ട്രേലിയയ്ക്ക് നേടാനായിട്ടില്ല. ഇതിലും കഷ്ടമാണ് നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ അവസ്ഥ. 22 മത്സരങ്ങളില്‍ ഫിഞ്ച് നയിച്ചപ്പോള്‍ 13 ലും തോറ്റു. ജയിക്കാനായത് എട്ടെണ്ണം മാത്രമാണ്. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തിന് ഇറങ്ങിയിരിക്കുകയാണ് ഓസ്‌ട്രേലിയ, എട്ടാമത്തെ പരാജയമാണ് സംഭവിക്കുന്നതെങ്കില്‍ അത് ഓസീസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായി മാറും.