മെൽബൺ: സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ ഓസ്ട്രേലിയൻ സർക്കാർ വീണ്ടും റദ്ദാക്കി. ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ച് വാക്സിൻ എടുത്തിട്ടില്ലെന്നും ഇത് സമൂഹത്തിനു ഭീഷണിയാണെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി. എന്നാൽ നാടുകടത്തൽ ഒഴിവാക്കാനും ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാനുമായി വീണ്ടും അപ്പീൽ നൽകാൻ ജോക്കോവിച്ചിന് സാധിക്കും.
നേരത്തെ വിസ റദ്ദാക്കിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ കോടതി മരവിപ്പിച്ചിരുന്നു. ഇതേതുടർന്ന് ഓസ്ട്രേലിയയിൽ തുടരുന്ന ജോക്കോവിച്ചിന്റെ വിസ ഇമിഗ്രേഷൻ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് വീണ്ടും റദ്ദാക്കിയിരിക്കുന്നത്. പൊതുതാത്പര്യത്തിന്റെ അടിസ്ഥാനത്തിൽ തന്റെ പ്രത്യേക അധികാരമുപയോഗിച്ചു വിസ റദ്ദാക്കാൻ തീരുമാനിച്ചതായി ഇമിഗ്രേഷൻ മന്ത്രി അലക്സ് ഹോക്ക് പ്രസ്താവനയിൽ പറഞ്ഞു.
ഇതിനെതിരെ ജോക്കോവിച്ച് വീണ്ടും അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിനായി ഒരാഴ്ച മുമ്പ് മെൽബണിലെത്തിയ താരത്തിന്റെ വിസ ഇത് രണ്ടാം തവണയാണ് സർക്കാർ റദ്ദാക്കുന്നത്.
Also Read: നിയമപോരാട്ടത്തില്‍ ജോക്കോവിച്ചിന് വിജയം; ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കും