മുംബൈ: തോല്‍വിയില്‍ നിന്നും കരകയറാനാകതെ ഇന്ത്യന്‍ പെണ്‍പട. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മൽസരത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ആറ് വിക്കറ്റിന്റെ പരാജയം. ഏകദിന പരമ്പരയിലെ സമ്പൂർണ പരാജയത്തിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ വീണ്ടും അടിതെറ്റിയത്.

ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയ ലക്ഷ്യം ഓസ്‌ട്രേലിയ അനായാസം മറി കടക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ സ്മൃതി മന്ദാന മാത്രമാണ് തിളങ്ങിയത്. മികച്ച ഫോം തുടര്‍ന്ന മന്ദാനയുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ വന്‍ തോല്‍വിയില്‍നിന്നും കരകയറ്റിയത്. ഹര്‍മന്‍പ്രീത് അടക്കമുള്ള മുന്‍നിര വീണ്ടും പരാജയപ്പെട്ടപ്പോള്‍ വേദാ കൃഷ്ണമൂര്‍ത്തിയും അനൂജയും അവസാന നിമിഷങ്ങളില്‍ ഇന്ത്യയെ 150 ലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയുടെ കഴിവുറ്റ ബാറ്റിങ് നിരയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ അത് മതിയായിരുന്നില്ല.

ആറ് വിക്കറ്റും 11 പന്തും ബാക്കി നില്‍ക്കെയായിരുന്നു ഓസീസ് ടീം ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം മറി കടന്നത്. ഓപ്പണര്‍ ബെത്ത് മൂണിയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ബെത്ത് 32 പന്തില്‍ നിന്നും 45 റണ്‍സ് എടുത്തപ്പോള്‍ എല്ലിസ് വില്ലനി 33 പന്തില്‍ നിന്നും 39 റണ്‍സും നായിക മെഗ് ലാന്നിങ് 25 പന്തില്‍ നിന്നും 35 റണ്‍സും നേടി. അതേസമയം ഇന്ത്യയ്ക്കായി, മടങ്ങിയെത്തിയ ജുലന്‍ ഗോസ്വാമി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഏറെക്കുറെ മന്ദാനയുടെ ഒറ്റയാള്‍ പോരാട്ടം കണ്ട മൽസരത്തില്‍ അവസാന ഓവറുകളില്‍ 21 പന്തില്‍ നിന്നും 35 റണ്‍സുമായി അനൂജ പാട്ടീലും ശ്രദ്ധ നേടി. എന്നാല്‍ മിതാലി രാജും ഹര്‍മന്‍പ്രീതും ജാമിയ റോഡ്രിഗ്വസും ചെറിയ സ്‌കോറുകള്‍ക്ക് പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ