മോസ്കോ: കോണ്‍ഫെഡറേഷൻസ് കപ്പ് ഫുട്ബോളിൽ കരുത്തരായ ജർമനിക്ക് ഓസ്ട്രേലിയക്കെതിരെ ജയം. ഉജ്വലമായി കളിച്ച ഓസ്ട്രേലിയയ്ക്കെതിരേ രണ്ടിനെതിരേ മൂന്നു ഗോളിന് ഏറെ വിയർത്താണ് ജർമനി ജയം കരസ്ഥമാക്കിയത്.
അഞ്ചാം മിനിറ്റിൽ ലാർസ് സ്റ്റിൻഡിലുടെ ഗോളടി തുടങ്ങിയ ജർമനി ഇരു പകുതികളിലുമായാണ് മൂന്ന് ഗോളടിച്ചത്. കളി ചൂടുപിടിക്കുന്നതിനു മുമ്പുതന്നെ ഗോൾ വഴങ്ങിയതോടെ ആസ്ട്രേലിയയുടെ താളംതെറ്റി. തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം ആഴ്സനൽ താരം മുസ്തഫിയുടെ നേതൃത്വത്തിലുള്ള ജർമൻ പ്രതിരോധം തട്ടിയകറ്റി. എന്നാൽ, 41-ാം മിനിറ്റിൽ ആസ്ട്രേലിയൻ പട തിരിച്ചടിച്ചു. തോമസ് റോജിക്കിലൂടെയാണ് ഓസ്ട്രേലിയ സമനില പിടിച്ചത്.
ആദ്യ പകുതി തീരുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനാൽറ്റി പിഎസ്ജി താരം യൂലിയൻ ഡ്രാക്സ്ലർ ഗോളാക്കിയതോടെ ജർമനി വീണ്ടും മുന്നിലെത്തി. 48-ാം മിനിറ്റിൽ ലിയോണ്‍ ഗൊറേറ്റ്ക ജർമനിയുടെ ലീഡ് ഉയർത്തി. 56-ാം മിനിറ്റിൽ തോമിസ്ലാവ് ജൂറിക് ഒരു ഗോൾ കൂടി നേടി ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ, കൂടുതൽ ഗോൾ നേടാനുള്ള ഓസ്ട്രേലിയയുടെ ശ്രമം ജർമൻ പ്രതിരോധ മതിലിൽ തട്ടി തകരുകയായിരുന്നു.