ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പ്രശംസയുമായി ഓസീസിന്റെ സൂപ്പര്‍താരം ‘ബിഗ് ഷോ’ ഗ്ലെന്‍ മാക്‌സ്‌വെല്‍. ഇന്ത്യന്‍ ടീമിനെ മാതൃകാപരമായി മുന്നില്‍ നിന്നും നയിക്കുകയാണ് വിരാട് കോഹ്‌ലിയെന്നും അതുകൊണ്ടു തന്നെ ഇന്ത്യ ഓസ്‌ട്രേലിയയിലെത്തുമ്പോള്‍ പേടിക്കേണ്ടത് വിരാടിനെയാണെന്നും മാക്‌സ്‌വെല്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെയാണ് രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ഓസീസ് പര്യടനം ഇന്ത്യ ആരംഭിക്കുന്നത്.

കൃത്യമായ തീരുമാനങ്ങളിലൂടെ തനിക്കും ടീമിനും ആത്മവിശ്വാസവും വിജയവും നല്‍കാന്‍ വിരാടിന് സാധിക്കുന്നുണ്ടെന്നും ക്രിക്കറ്റ് ഡോട്ട് എയുവിനോട് സംസാരിക്കവെ മാക്‌സ്‌വെൽ പറഞ്ഞു.

”വിരാട് അസാധ്യ താരമാണ്. മികച്ച നായകനും. റണ്‍സ് കണ്ടെത്തുന്നതിലും ഫീല്‍ഡിങ്ങിലും ഫിറ്റ്‌നസിലും അങ്ങനെ ചെയ്യുന്നതിലെല്ലാം മികച്ചവനായി മാറുന്നത് ശീലമാക്കിയവനാണ്. ആധിപത്യം നേടാനുള്ള അതിയായ ആഗ്രഹവുമുണ്ട്. മികച്ച ടെക്‌നിക്കാണ് വിരാടിന്റേത്. നല്ല തീരുമാനങ്ങളാണ് കളിക്കളത്തില്‍ എടുക്കാറ്” മാക്‌സി പറഞ്ഞു.

ഇന്ത്യന്‍ നായകന്റെ ഏകദിന റെക്കോര്‍ഡിനേയും കളിക്കളത്തിലെ സമീപനത്തേയും ഓസീസ് താരം അഭിനന്ദിച്ചു.”സ്വയം കളി ജയിപ്പിക്കാന്‍ കഴിയുന്നവനാണ്. ഒരു താരമെന്ന നിലയില്‍ ആരേയും ഭയപ്പെടുത്തുന്ന സ്വഭാവമാണ്” താരം പറഞ്ഞു. കളിയോട് അമിതമായ അഭിനിവേശമുള്ളത് കൊണ്ടാണ് ഓരോ വിക്കറ്റും വിരാട് ഇത്ര ആവേശത്തോടെ ആഘോഷിക്കുന്നതുമെന്നും താരം ചൂണ്ടിക്കാണിച്ചു.

ഇന്ത്യന്‍ ടീമില്‍ അഗ്രസ്സീവ് ആറ്റിറ്റിയൂഡ് കൊണ്ടു വന്നതും വിരാട് ആണെന്നും വിദേശ പിച്ചില്‍ ജയിക്കുന്ന ടീമായി ഇന്ത്യയെ മാറ്റുന്നതില്‍ വിരാടിന്റെ പങ്കു വലുതാണെന്നും ഓസീസ് ഓള്‍ റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook