ചെന്നൈ: ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 26 റണ്‍സിന്റെ വിജയം. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം പുനർനിശ്ചയിക്കപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന്റെ മുൻനിര ബാറ്റ്സ്മാന്മാർ പൊരുതാതെ മടങ്ങി. ഇതോടെ ഇന്ത്യയ്ക്ക് അനുകൂലമായി കളിയുടെ ഗതി.

ടീം സ്കോർ 15 ൽ എത്തിയപ്പോഴാണ് ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. നാലാമത്തെ ഓവറിലെ അഞ്ചാം പന്തിൽ ജസ്പ്രീത് ഭുംറയാണ് കാർട്ട്റൈറ്റിനെ ബൗൾഡ് ചെയ്തത്.

തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഹർദ്ദിക് പാണ്ഡ്യയുടെ പന്തിൽ ഭുംറയ്ക്ക് ക്യാച്ച് നൽകി മടങ്ങി. ടീം സ്കോർ 20. ഏഴാമത്തെ ഓവറിൽ ട്രവിസ് ഹെഡിനെ ധോനിയുടെ കൈകളിൽ എത്തിച്ച് ഹർദ്ദിക് പാണ്ഡ്യ മൂന്നാം വിക്കറ്റ് വീഴ്ത്തിയപ്പോൾ ഓസീസ് സ്കോർ 29.

28 പന്തിൽ 25 റൺസെടുത്ത ഡേവിഡ് വാർണറെ കേദാർ ജാദവ് ധോനിയുടെ കൈകളിലെത്തിച്ചതോടെ നാലാമത്തെ വിക്കറ്റും വീണു. ഈ സമയത്ത് ടീം സ്കോർ 35.

പിന്നീട് ഗ്ലെൻ മാക്സ്‌വെൽ ഇന്ത്യൻ ബൗളർമാരെ ആക്രമിച്ചു. 18 പന്തിൽ നാല് സിക്സറും മൂന്ന് ഫോറും അടിച്ച മാക്സ്‌വെല്ലി(39) യുസ്വേന്ദ്ര ചഹാലിന്റെ പന്തിൽ ഹർദ്ദിക് പാണ്ഡ്യ പിടിച്ച് പുറത്താക്കുകയായിരുന്നു. ടീം സ്കോർ 76 ൽ നിൽക്കുമ്പോഴായിരുന്നു മാക്സ്‌വെല്ലിന്റെ വിക്കറ്റ് ഓസീസിന് നഷ്ടമായത്.

ടീം സ്കോർ 76 ൽ നിൽക്കെ തന്നെ കേദാർ യാദവിന് പന്തിൽ അദ്ദേഹത്തിന് തന്നെ ക്യാച്ച് നൽകി സ്റ്റോയ്നിസും മടങ്ങി. 16ാമത്തെ ഓവറിൽ ധോനിയുടെ ചടുല നീക്കത്തിലാണ് മാത്യു വെയ്ഡ് പുറത്തായത്. പിന്നാലെ വന്ന ബാറ്റ്സ്മാന്‍മാരും താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ ആതിഥേയര്‍ 137ന് 9 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.

നേരത്തേ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ 281 റൺസ് നേടിയിരുന്നു. അർദ്ധസെഞ്ച്വറി നേടിയ ഹർദ്ദിക് പാണ്ഡ്യെ(83)യുടെയും മുൻ നായകൻ എംഎസ് ധോനി(79)യുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്.

ഇന്ത്യൻ ഇന്നിംഗ്സിന് ശേഷമാണ് മഴ പെയ്തത്. ഒരു പന്ത് പോലും എറിയാനാകാതെ മണിക്കൂറുകൾ നഷ്ടപ്പെട്ടതോടെയാണ് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയുടെ വിജയലക്ഷ്യം പുനർനിശ്ചയിച്ചത്.

50 ഓവറിൽ 281 റൺസ് എന്ന ലക്ഷ്യം മാറി 21 ഓവറിൽ 164 ആയതോടെ ആദ്യ ഏകദിന മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സ് ട്വന്റി ട്വന്റി മത്സരത്തിന്റെ സ്വഭാവത്തിലേക്ക് മാറുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook