സിഡ്നി ഏകദിനത്തിലെ തോൽവിയോടെ ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ വീണ്ടും വിമർശനങ്ങളുടെ കുത്തൊഴുക്കാരംഭിച്ചിരിക്കുകയാണ്. നാല് റൺസ് എടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റിൽ കൂട്ടുകെട്ടുണ്ടാക്കി തകർച്ചയിൽ നിന്ന് രക്ഷിച്ചത് ധോണിയും രോഹിത് ശർമ്മയും ചേർന്നാണ്.

ഓസീസ് ഉയർത്തിയ 289 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 254 റൺസിൽ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ഇതോടെയാണ് 96 പന്ത് നേരിട്ട് 51 റൺസ് നേടിയ ധോണിക്കെതിരെ വിമർശനം ഉയർന്നത്.

എന്നാൽ മുൻ നായകനെ അങ്ങിനെ കൈവിട്ടുകളയാൻ ഹിറ്റ്മാൻ ഒരുക്കമല്ല. നാലാം നമ്പറിൽ ഇന്ത്യക്ക് അനുയോജ്യനായ ഏറ്റവും മികച്ച താരം മഹേന്ദ്ര സിങ് ധോണിയാണെന്ന് രോഹിത് ശർമ്മ പറഞ്ഞിരിക്കുകയാണ്.

“അമ്പാട്ടി റായ്‌ഡു നാലാം നമ്പറിൽ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. പക്ഷെ ധോണിയെ നാലാം നമ്പറിൽ കളിപ്പിക്കണം എന്നാണ് എന്റെ വ്യക്തിപരമായ ആഗ്രഹം. അദ്ദേഹത്തിന് ആ സ്ഥാനത്ത് കൂടുതൽ സംഭാവന നൽകാനുണ്ട്,” രോഹിത് ശർമ്മ പറഞ്ഞു.

“അദ്ദേഹത്തിന്റെ ഓവറോൾ സ്ട്രൈക്കിങ് റേറ്റ് നോക്കൂ, അത് 90 ന് മുകളിലാണ്. ഇത്തവണത്തേത് വ്യത്യസ്തമായൊരു സാഹചര്യമായിരുന്നു. ഓസീസ് നന്നായി പന്തെറിയുന്ന ഘട്ടമായിരുന്നു. ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായി. ആ സാഹചര്യത്തിൽ നൂറ് റൺസിന്റെ കൂട്ടുകെട്ട് എളുപ്പത്തിൽ ഉണ്ടാക്കാനാവില്ല. അതിനാൽ ഞങ്ങൾ കുറച്ചധികം സമയം എടുത്താണ് റൺസ് നേടിയത്. അദ്ദേഹം മാത്രമല്ല ഞാനും വളരെ സാവധാനമാണ് റണ്ണടിച്ചത്,” രോഹിത് ശർമ്മ പറഞ്ഞു.

“അദ്ദേഹത്തോടൊപ്പം കളിക്കുന്നത് വളരെ എളുപ്പമാണ്. സമ്മർദ്ദമില്ലാതെ കളിക്കാനാവും. കൂട്ടുകെട്ടുണ്ടാക്കുന്നതിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. ആ സാഹചര്യത്തിൽ അത് ആവശ്യവുമായിരുന്നു. അദ്ദേഹം വിക്കറ്റ് കളയാതിരിക്കാൻ മാത്രമല്ല, റൺസ് നേടുന്നതിലും വളരെ ശ്രദ്ധാലുവായിരുന്നു. ഈ വർഷങ്ങളിലെല്ലാം ഏത് നമ്പറിലും കളിക്കാൻ അദ്ദേഹം തയ്യാറായിട്ടുണ്ട്,” ധോണിക്കുളള പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹിറ്റ്മാൻ പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook