ബോട്ട് ലീഗിന്റെ ലേലം മാറ്റി വച്ചു, ലീഗ് 10 ന് തന്നെ തുടങ്ങും

ഓഗസ്റ്റ് 10 നാണ് മത്സരങ്ങള്‍ ആരംഭിക്കുക.

champions league boat race

കൊച്ചി: ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ലേലം മാറ്റി വച്ചു. കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനും ഫ്രാഞ്ചൈസികള്‍ക്ക് കൂടുതല്‍ സമയം നല്‍കാനുമാണ് ലേലം മാറ്റി വച്ചത്. അതേസമയം, മത്സരം നേരത്തെ നിശ്ചയിച്ചിരുന്ന സമയത്തു തന്നെ ആരംഭിക്കും. ഓഗസ്റ്റ് 10 നാണ് മത്സരങ്ങള്‍ ആരംഭിക്കുക.

ഇന്നായിരുന്നു കൊച്ച് ഗ്രാന്‍ഡ് ഹയാത്തില്‍ വച്ച് ലേലം നടത്താന്‍ തീരുമാനിച്ചിരുന്നത്. ലേലത്തിനുള്ള രേഖകള്‍ വാങ്ങിയ 11 ഫ്രാഞ്ചൈസികളില്‍ മിക്കവര്‍ക്കും എത്തിച്ചേരാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ലേലം മാറ്റിവച്ചത്. പുതിയ ലേല തിയ്യതി പിന്നീട് അറിയിക്കുമെന്ന് ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് അറിയിച്ചു.

വര്‍ഷകാല വിനോദമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവമായ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ഓഗസ്റ്റ് പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിബിഎല്ലിന്റെ ഉദ്ഘാടന ചടങ്ങില്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാതിഥിയായിരിക്കും.

കേരളത്തിന്റെ മഴക്കാലത്തെ ടൂറിസം കാഴ്ചപ്പാടിലൂടെ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ സിബിഎല്‍ വഴി സാധിക്കും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ക്കൂടി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാവുന്ന ഇടങ്ങളുടെ പട്ടികയിലേക്ക് കേരളം ഉയരും.

മൂന്നുമാസം നീളുന്ന സിബിഎല്ലില്‍ ഒമ്പത് ടീമുകളാണ് മത്സരിക്കുന്നത്. 12 വാരാന്ത്യങ്ങളിലെ 12 വേദികളിലായി, 12 മത്സരങ്ങളാണ് നടക്കുക. ഓഗസ്റ്റ് 10 മുതല്‍ നവംബര്‍ ഒന്നു വരെയാണ് മത്സരങ്ങള്‍. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി കേരള ടൂറിസം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇ ഫാക്ടര്‍ എന്റര്‍ടെയ്ന്‍മെന്റ്, ദി സോഷ്യല്‍ സ്ട്രീറ്റ് എന്നീ കമ്പനികള്‍ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് സിബിഎല്‍ കണ്‍സള്‍ട്ടന്റ്.

മൊത്തം 5.9 കോടി രൂപയാണ് സമ്മാനത്തുക. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 25 ലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15ലക്ഷം, 10 ലക്ഷം രൂപ വീതമാണ് സമ്മാനമായി ലഭിക്കുക. ഇതിനുപുറമേ ഓരോ മത്സരത്തിലേയും ആദ്യ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 5ലക്ഷം , 3 ലക്ഷം,1 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും. ഓരോ മത്സരത്തിലും എല്ലാ വള്ളംകളി സംഘത്തിനും നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും.

പള്ളാത്തുരുത്തി ബോട്ട് ക്ലബ്; പോലീസ് ബോട്ട് ക്ലബ്; യുണൈറ്റഡ് ബോട്ട് ക്ലബ്, കുട്ടമംഗലം, കൈനകരി; എന്‍സിഡിസി/കുമരകം; വില്ലേജ് ബോട്ട് ക്ലബ്, എടത്വ; കെബിസി/എസ്എഫ്ബിസി കുമരകം; വേമ്പനാട് ബോട്ട് ക്ലബ് കുമരകം; ടൗണ്‍ ബോട്ട് ക്ലബ് കുമരകം; ബ്രദേഴ്സ് ബോട്ട് ക്ലബ്, എടത്വ എന്നിവയാണ് സിബിഎല്ലില്‍ മത്സരിക്കുന്ന ഒന്‍പതു ടീമുകള്‍.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Auction of champions boat leaue canceled283252

Next Story
ആന്റേഴ്‌സന് പരുക്ക്, സ്‌കാനിങ്ങിനായി കളി മതിയാക്കി; ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടി
The moderation of comments is automated and not cleared manually by malayalam.indianexpress.com