ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് നാലാം റൗണ്ട് മത്സരങ്ങൾക്കായി ഇന്ന് വമ്പന്മാരിറങ്ങുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡ് ബെൻഫിക്കയെയും, ബയേൺ മ്യൂണിക് സെൽറ്റികിനെയും, എഎസ് റോമയെ ചെൽസിയും നേരിടും. അത്‌ലറ്റികോ മാഡ്രിഡും ഖറാബാഗ് എഫ്കെയും തമ്മിലും ബാഴ്സയും ഒളിമ്പിയാകോസിനെയും പിഎസ്ജി ആൻഡെർലെക്ടിനെയും എതിരിടും.

മികച്ച ഫോമിൽ കളിക്കുന്ന യുണൈറ്റഡിന് ബെൻഫിക്കയാണ് ഇത്തവണത്തെ എതിരാളികൾ. എന്നാൽ റൊമേലു ലുകാകുവിന്റെ മികവിൽ ബെൻഫിക്ക നന്നായി കളിക്കുന്നുണ്ട്. ശക്തമായ മത്സരമാണ് ഈ കളിയിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രൂപ്പ് സിയിൽ ഒന്നാമതുള്ള ചെൽസിക്ക് ഏഴ് പോയിന്റുണ്ട്. റോമയെ പരാജയപ്പെടുത്തിയാൽ നോക്കൗട്ട് റൗണ്ടിലേക്ക് എത്താൻ ചെൽസിക്ക് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരില്ല. അതേസമയം റോമയും ചെൽസിക്കെതിരെ വിജയം ലക്ഷ്യമിട്ടാണ് ബൂട്ട് കെട്ടുക. അതേസമയം അടുത്ത മൂന്ന് മത്സരങ്ങളിലും വിജയിക്കാതെ അത്‌ലറ്റികോ മാഡ്രിഡിന് നോക്കൗട്ട് റൗണ്ടിലെത്താനാകില്ല. ഖറാബാഗിനെതിരായ ഇന്നത്തെ മത്സരം അതുകൊണ്ടുതന്നെ നിർണായകമാണ്.

ഗ്രൂപ്പ് ഡിയിൽ ഇതുവരെ പരാജയം അറിയാതെ മുന്നേറുന്ന ബാഴ്സയ്ക്ക് നോക്കൗട്ട് റൗണ്ട് പ്രവേശനം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സ്പോർട്ടിങ്ങിനെ കീഴടക്കിയാലേ യുവന്റസിന് നോക്കൗട്ട് ഉറപ്പിക്കാനാവൂ. ഒരു ഗോൾ പോലും വഴങ്ങാതെ കഴിഞ്ഞ മൂന്ന് കളിയിലും ജയിച്ച് കയറിയ പിഎസ്‌ജി ആന്റർലെക്ടിനെതിരെ വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. അതേസമയം ബയേണിന് ഇതുവരെയായും മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല. രണ്ട് ജയം നേടിയെങ്കിലും തങ്ങളുടെ നിലവാരത്തോട് ചേർന്ന് നിൽക്കുന്ന കളി മികവ് സെൽറ്റിക്കിനെതിരെ പുറത്തെടുക്കാനാവും ഇവരുടെ ശ്രമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ