ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ തങ്ങളുടെ ആദ്യ സമനില വഴങ്ങി കൊൽക്കത്ത. ഒഡിഷ എഫ്സിയാണ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെ ഗോൾരഹിത സമനിലയിൽ കുരുക്കിയത്. കൊൽക്കത്തയുടെ അപരാജിത കുതിപ്പിന് തടയിടാനും പൂനെയിലെ ബാലേവാഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡിഷയ്ക്കായി.
പ്ലെയിങ് ഇലവനിൽ നാല് മാറ്റങ്ങളുമായി തുടങ്ങിയ എഫ്സി കൊൽക്കത്തയെ പിടിച്ചുകെട്ടുന്നതിൽ വിജയിച്ചു. ആദ്യ പകുതി ഒപ്പത്തിനൊപ്പം നിന്ന ഇരു ടീമുകളും നിരവധി ഗോളവസരങ്ങളും സൃഷ്ടിച്ചു. എന്നാൽ ഗോൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മലയാളി താരം ജോബി ജസ്റ്റിൻ അടുത്ത മിനിറ്റിൽ തന്നെ ഒരു മുന്നേറ്റം നടത്തിയെങ്കിലും ഗോൾ ലൈനിൽ നന്ദകുമാറിന്റെ ക്ലിയറൻസ് അപകടം ഒഴിവാക്കി. ഗോളിനായുള്ള ഒഡിഷയുടെയും ശ്രമങ്ങളും വിഫലമായതോടെ മത്സരം സമനിലയിൽ അവസാനിച്ചു.