വാസ്‌കോ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പാദ സെമി ഫൈനലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ച് എടികെ മോഹൻ ബഗാൻ. ഐഎസ്എൽ കലാശപ്പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്‌സിയായിരിക്കും എടികെ മോഹൻ ബഗാന് എതിരാളികൾ. മാർച്ച് മൂന്നിനാണ് ഐഎസ്എൽ ഫൈനൽ.
വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എടികെ മോഹൻ ബഗാൻ തോൽപ്പിച്ചത്. ഇരുപാദങ്ങളിലുമായി 4-3 എന്ന സ്‌കോറിനാണ് മോഹൻ ബഗാൻ ഫൈനൽ ഉറപ്പിച്ചത്. ആദ്യ പാദത്തിൽ ഇരു ടീമുകളും തമ്മിലുള്ള മത്സരം 2-2 എന്ന സ്‌കോറിന് സമനിലയിൽ കലാശിക്കുകയായിരുന്നു.
Read Also: ഇന്ത്യയിലെ കളി ദുഷ്‌കരമായിരുന്നു, ഒരാഴ്‌ചക്കിടെ ഞാൻ അഞ്ച് കിലോ കുറഞ്ഞു: ബെൻ സ്റ്റോക്‌സ്
മോഹൻ ബഗാന് വേണ്ടി ഡേവിഡ് വില്യംസും മൻവീർ സിങ്ങും ഗോൾ നേടി. ആദ്യ പകുതിയിൽ 1-0 ത്തിന് മോഹൻ ബഗാൻ ലീഡ് നേടി. 38-ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. റോയ് കൃഷ്‌ണയുടെ പാസിൽ നിന്നാണ് ഡേവിഡ് വില്യംസ് ആദ്യ ഗോൾ സ്‌കോർ ചെയ്‌തത്. 67-ാം മിനിറ്റിൽ മൻവീർ സിങ് എടികെ മോഹൻ ബഗാന് വേണ്ടി രണ്ടാം ഗോൾ നേടി. രണ്ടാം ഗോളിലും റോയ് കൃഷ്‌ണയുടെ പങ്കുണ്ടായിരുന്നു.
പിന്നീട് മത്സരം 73-ാം മിനിറ്റിലേക്ക് എത്തിയപ്പോൾ നോർത്ത് ഈസ്റ്റ് ഒരു ഗോൾ തിരിച്ചടിച്ചു. 74-ാം മിനിട്ടില്‍ മലയാളി താരം വി.പി.സുഹൈറാണ് ഗോള്‍ നേടിയത്. കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്.
ആദ്യ പകുതിയിൽ ഒരു ഗോളിന് ലീഡ് ചെയ്ത ശേഷവും ആക്രമിച്ച് കളിക്കുകയായിരുന്നു എടികെ. ഗോൾ തിരിച്ചടിക്കാൻ നോർത്ത് ഈസ്റ്റ് ഒട്ടേറെ ശ്രമങ്ങൾ നടത്തി. 80-ാം മിനിറ്റിന് ശേഷം തങ്ങൾക്ക് ലഭിച്ച ഒരു പെനാൽട്ടി അവസരം നോർത്ത് ഈസ്റ്റ് പാഴാക്കിയതും തിരിച്ചടിയായി. ലൂയി മഷാഡോ പന്ത് ബോക്‌സിന് പുറത്തേക്കടിച്ച് അവസരം തുലയ്‌ക്കുകയായിരുന്നു.