കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന് താരപ്പകിട്ടേകാൻ ലോകോത്താര താരങ്ങൾ വരുന്നു. ഐറിഷ് ഇതിഹാസവും ടോട്ടൻഹാമിന്റെ സൂപ്പർ സ്ട്രൈക്കറുമായിരുന്ന റോബി കീനാണ് ഐഎസ്എല്ലിൽ പന്ത് തട്ടാൻ എത്തുന്ന സൂപ്പർ താരം. അമർ തോമർ കൊൽക്കത്തയ്ക്ക് ( പഴയ പേര്- അത്‌ലറ്റിക്കൊ ഡി കൊൽക്കത്ത) വേണ്ടിയാണ് റോബി കീൻ ബൂട്ട് കെട്ടുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ഗോൾ വേട്ടക്കാരിൽ ഒരാളാണ് റോബി കീൻ.
അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ എൽ.എ ഗാലക്സി ക്ലബിന് വേണ്ടിയായിരുന്നു റോബി കീൻ കളിച്ചത്. റോബി കീനുമായി കാരാറിൽ എത്തിയതായി ക്ലബ് അധികൃതർ അറിയിച്ചു. എടികെയുടെ പുതിയ പരിശീലകനായ ടെറി ഷെറിങ്ങ്ഹാമിന്റെ ഇടപെടലാണ് റോബി കീനെ ക്ലബിൽ എത്തിച്ചത്. കരാർ തുക സംബന്ധിച്ചുള്ള വ്യക്തമായ വിവരം ക്ലബ് അധികൃതർ പുറത്ത് വിട്ടിട്ടില്ല.
ലോകത്തിലെ പല പ്രമുഖ ക്ലബുകൾക്കായി താൻ കളിച്ചിട്ടുണ്ട് , ആദ്യമായാണ് ഒരു ഏഷ്യൻ ക്ലബിനായി കളിക്കുന്നത് എന്നും അതിനാൽ ഏറെ സന്തോഷമുണ്ട് എന്നും റോബി കീൻ പ്രതികരിച്ചു.
ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ടോട്ടൻഹാം, ലിവർപൂൾ,വെസ്റ്റ്ഹാം യുണൈറ്റഡ്, ആസ്റ്റൻവില്ല,ലീഡ്സ് യുണൈറ്റഡ് എന്നീ ക്ലബുകൾക്കായി റോബി കീൻ കളിച്ചിട്ടുണ്ട്. 2002 മുതൽ 2008 വരെ ടോട്ടൻഹാമിനായി കളിച്ച റോബി കീൻ 197 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ നേടിയിട്ടുണ്ട്. 2011ൽ മേജർ സോക്കർ ലീഗിൽ എൽ.എ ഗാലക്സിക്ക് വേണ്ടി കളി തുടങ്ങിയ റോബി കീൻ 125 മത്സരങ്ങളിൽ നിന്ന് 83 ഗോളുകളാണ് നേടിയത്. ഐർലൻഡിനായി 146 മത്സരങ്ങൾ കളിച്ച റോബി 68 ഗോളുകളും നേടിയിട്ടുണ്ട്.