കൊല്‍ക്കത്ത : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2017-18 സീസണ്‍ പ്ലേ ഓഫ് ഘട്ടത്തിലേക്ക് കടക്കവേ മറ്റൊരു കോച്ച് കൂടി പുറത്ത്. നിലവിലെ ചാമ്പ്യന്മാരായ എറ്റികെയാണ് കോച്ച് ടെഡി ഷേറിങ്ഹാമിനെ പുറത്താക്കിയത്. ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്നാണ്‌ നടപടി.

മുന്‍ ഇംഗ്ലീഷ് സ്ട്രൈക്കരുടെ കീഴില്‍ പത്ത് കളികളില്‍ നിന്നും മൂന്ന്‍ വിജയം മാത്രമാണ് എറ്റികെയ്ക്ക് നേടാന്‍ കഴിഞ്ഞത്. നാല് കളി തോല്‍ക്കുകയും മൂന്നെണ്ണത്തില്‍ സമനില നേടുകയും ചെയ്ത ടീം ഇപ്പോള്‍ പോയന്‍റ് പട്ടികയില്‍ എട്ടാമതാണ്.

ടീമിന്‍റെ സഹപരിശീലകനായ ആഷ്ലി വെസ്റ്റ്‌വുഡിനാകും ഇനിയുള്ള കളികളില്‍ എറ്റികെയുടെ മാനേജിങ് ചുമതല. മുന്‍ ബെംഗളൂരു എഫ്സി കോച്ചായ ആഷ്ലി വെസ്റ്റ്‌വുഡിന് മികച്ചൊരു മാനേജര്‍ എന്ന നിലയില്‍ മികച്ചൊരു റിക്കോഡ്‌ തന്നെയാണുള്ളത്. 2013-14 സീസണില്‍ ഐ ലീഗിലേക്ക് അരങ്ങേറ്റംകുറിച്ച ബെംഗളൂരുവിനെ ലീഗ് ജേതാക്കളാക്കിയ കോച്ചാണ് ആഷ്ലി. 2014-15 വര്‍ഷത്തെ ഐ ലീഗ് റണ്ണര്‍ അപ്പിനോപ്പം ഫെഡറേഷന്‍ കപ്പ്‌, 2015-16 സീസണ്‍ ഐ ലീഗ് കിരീടം എന്നിവ നേടിയാണ് 2016 ആഷ്ലി ക്ലബ് വിടുന്നത്. എഎഫ്സി കപ്പിന്‍റെ റണ്ണര്‍ അപ്പ് വരെയെത്തിയ ബെംഗളൂരു എഫ്സിയുടെ ജൈത്രയാത്ര ആരംഭിക്കുന്നത് ആഷ്ലി വെസ്റ്റ്‌വുഡിന് കീഴിലാണ്.

നാളെ ചെന്നൈയിന്‍ എഫ്സിയെ നേരിടാനിരിക്കെ എറ്റികെ മാനേജ്മെന്റ് എടുത്ത ഈ തീരുമാനം ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്. അതിനിടയില്‍ കോച്ചായി സ്ഥാനമേറ്റ ആഷ്ലി വെസ്റ്റ്‌വുഡ് മാധ്യമങ്ങളോട് സംസാരിച്ചു. ” സീസണ്‍ ഇതുവരെ കഴിഞ്ഞില്ല. അത് തന്നെയാണ് ഇപ്പോള്‍ മുന്നിലുള്ള ഒരേയൊരു വിഷയം” ടീമിന്‍റെ പ്രാപ്തിയില്‍ തനിക്ക് വിശ്വാസമുണ്ട് എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് ആഷ്ലി വെസ്റ്റ്‌വുഡ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ