ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെയും ഐ ലീഗ് ചാംപ്യന്മാരായ മോഹൻ ബഗാനും ഒന്നാകുന്ന എന്ന വാർത്ത വലിയ പ്രതീക്ഷയോടെയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ അതിനിടയിലും മോഹൻ ബഗാന്റെ പ്രൗഡിക്കും പേരിനും ഇത് കോട്ടം തട്ടുമോയെന്ന സംശയവും പല ആരാധകരും പ്രകടിപ്പിച്ചിരുന്നു, പ്രത്യേകിച്ച് ക്ലബ്ബിന്റെ പേരും ഭാവവുമൊക്കെ മാറുമ്പോൾ. ഈ സന്ദേഹത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ക്ലബ്ബ് അധികൃതർ. മോഹൻ ബഗാന്റെ ഐക്കോണിക് ജേഴ്സിയായ ഗ്രീൻ, മെറൂൻ കോമ്പിനേഷൻ തുടരുമെന്നാണ് ക്ലബ്ബ് അറിയിച്ചിരിക്കുന്നത്.
131 വർഷത്തെ ഫുട്ബോൾ പാരമ്പര്യമുള്ള കൊൽക്കത്തൻ വമ്പന്മാർ മൂന്ന് തവണ ഐഎസ്എൽ കിരീടം ഉയർത്തിയ എടികെയുമായി ലയിക്കുമ്പോൾ പേരിലും ലോഗോയിലും മാത്രമാണ് ചെറിയ വ്യത്യാസമുള്ളത്. ഇനി മുതൽ എടികെ മോഹൻ ബഗാൻ എന്നായിരിക്കും കൊൽക്കത്തൻ ക്ലബ്ബ് അറിയിപ്പെടുക. ലോഗോയിൽ മോഹൻ ബഗാന്റെ ബോട്ടിനൊപ്പവും എടികെ എന്ന് ചേർക്കപ്പെടും.
“സംസ്കാരവും പാരമ്പര്യവും സംരക്ഷിച്ചുകൊണ്ട് തന്നെ ലോഗോ അതിന്റെ സത്ത നിലനിർത്തുന്നു. ലോഗോയ്ക്ക് ഉള്ളിൽ എടികെ എന്ന് ചേർക്കുന്നത് വഴി ചുരുങ്ങിയ കാലയളവിൽ അതിവേഗം വളരുന്നതും വികാരഭരിതമായതുമായ മുന്നേറ്റം തുടരുമെന്ന ഉറപ്പ് നൽകുന്നു,” സംയുക്ത പ്രസ്താവനയിൽ ക്ലബ്ബ് അധികൃതർ അറിയിച്ചു.
Also Read: ബ്ലാസ്റ്റേഴ്സ് വല കാക്കാൻ ഗോവൻ ഗോൾ കീപ്പർ; ആൽബിനോ ഗോമസ് കേരളത്തിലേക്ക്
ബംഗാളിൽ ലോകോത്തര ഫുട്ബോൾ അക്കാദമി സ്ഥാപിക്കുമെന്ന് ക്ലബ്ബ് അറിയിക്കുന്നു. ഐഎസ്എൽ ക്ലബ് എടികെയും ഐലീഗ് ക്ലബ് മോഹൻ ബഗാനും ലയിച്ച് ഒരു ക്ലബായി മാറിയത് രണ്ട് മാസങ്ങൾക്ക് മുൻപായിരുന്നു. വരുന്ന സീസൺ മുതൽ ഐഎസ്എല്ലിൽ തുടരാനാണ് ക്ലബിൻ്റെ തീരുമാനം.
Also Read: ജെസ്സെല്‍ കാര്‍നെറോ കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും; കരാര്‍ മൂന്ന് വര്‍ഷത്തേക്ക് നീട്ടി
മൂന്ന് തവണ ലീഗ് ചാമ്പ്യന്മാരായ ചരിത്രമാണ് എടികെയ്ക്ക് ഉള്ളത്. 2014, 2016, 2019 സീസണുകളിലാണ് എടികെ ഐഎസ്എൽ ചാമ്പ്യന്മാരായത്. 2015ൽ സെമിഫൈനലിലും ടീം എത്തിയിരുന്നു. 130 വർഷങ്ങളുടെ പാരമ്പര്യവുമായി ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്ലബുകളിൽ ഒന്നാണ് മോഹൻ ബഗാൻ. അഞ്ച് തവണയാണ് ബഗാൻ ലീഗ് ജേതാക്കളായത്. ഫെഡറേഷൻ കപ്പ് 14 തവണയും ഡ്യൂറൻഡ് കപ്പ് 16 തവണയും ക്ലബ് സ്വന്തമാക്കിയിട്ടുണ്ട്.