ന്യൂഡൽഹി: സ്‍പാനിഷ് വമ്പന്മാരായ അത്‍ലറ്റിക്കൊ മാഡ്രിഡ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. ഇക്കുറി സഹകരിക്കുന്നത് ഐഎസ്എൽ ക്ലബ്ബായ ജംഷ്ഡ്പൂർ എഫ് സിയുമായി. ഇന്ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് ക്ലബ്ബുകൾ ഇക്കാര്യം അറിയിച്ചത്.
നേരത്തെ കൊൽക്കത്തയുമായി സഹകരിച്ചിരുന്ന അത്‍ലറ്റിക്കൊ മാഡ്രിഡ് കൂട്ടുകെട്ട് അവസാനിപ്പിച്ചിരുന്നു. ടാറ്റ സ്റ്റീലിന്രെ ഉടമസ്ഥതയിലുള്ള ടാറ്റ ഫുട്ബോൾ അക്കാദമിയുമായും ജംഷ്ഡ്പൂർ എഫ് സിയുമായും ക്ലബ്ബ് സഹകരിക്കും. ടാറ്റ ഫുട്ബോൾ അക്കാദമി ഇനി മുതൽ ടാറ്റ അത്‍ലറ്റിക്കൊ ഫുട്ബോൾ അക്കാദമിയ എന്നാകും അറിയപ്പെടുക.
അത്‍ലറ്റിക്കൊയിൽ നിന്ന് പരിശീലകരടക്കുള്ള ഫുട്ബോൾ വിദഗ്ദർ ഫുട്ബോൾ അക്കാദമിയിലും ജംഷഡ്പൂർ എഫ് സിയിലും എത്തും. ഇതിന് പുറമെ കളിക്കാരെ റിക്ക്രൂട്ട് ചെയ്യുന്നതിലും യുവ പ്രതിഭകളെ കണ്ടെത്തുന്നതിലും വൈദ്യ സഹായം, വീഡിയോ വിശകലനം ഉൾപ്പടെയുള്ള കാര്യങ്ങളിലും അത്‍ലറ്റിക്കൊ ടാറ്റ അക്കാദമിയുമായി സഹകരിക്കും.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ അത്‍ലറ്റിക്കൊ മാഡ്രിഡ് പ്രസിഡന്റ് ഗിൽ മാരിനും സന്നിഹിധനായിരുന്നു. 2014ൽ കൊൽക്കത്തൻ ക്ലബ്ബിന്റെ ഉടമസ്ഥവകാശത്തിലൂടെ അത്‍ലറ്റിക്കൊ ഡി കൊൽക്കത്ത എന്ന പേരിലാണ് അവർ ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നത്.