ന്യൂഡല്‍ഹി: ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓഫ് സ്പിന്നര്‍മാരിലൊരാളാണ് ആര്‍ അശ്വിന്‍. 57 ടെസ്റ്റില്‍ നിന്നും 311 വിക്കറ്റുകള്‍ നേടിയിട്ടുള്ള അശ്വിന്‍ തന്റെ ആയുധമൊന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ്. ഓഫ് സ്പിന്നിന് പകരം ലെഗ് സ്പിന്നാണ് അശ്വിന്റെ പുതിയ കൂട്ട്.
ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന അശ്വിനിന്ന് ടെസ്റ്റില്‍ മാത്രം ഒതുങ്ങിപ്പോയിരിക്കുകയാണ്. കേള്‍വികേട്ട അശ്വിന്‍-ജേഡജ ജോഡിയ്ക്ക് പകരക്കാരായി കുല്‍ദീപ്-ചാഹല്‍ ജോഡി മാറിയിരിക്കുകയാണ്. ഈ സ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ പുതുവഴി തേടുകയാണ് അശ്വിന്‍.
കഴിഞ്ഞ കുറച്ചുനാളുകളായി പരീക്ഷിച്ചു വരികയായിരുന്ന ലെഗ് സ്പിന്‍ അശ്വിന്‍ ഇപ്പോള്‍ കളിക്കളത്തിലും പ്രയോഗിക്കുകയാണ്. നേരത്തെ വിജയ് ഹസാരെ ട്രോഫിയിലായിരുന്നു അശ്വിന്‍ ആത്മവിശ്വാസത്തോടെ ലെഗ് സ്പിന്നെറിഞ്ഞത്. അഞ്ച് ഏകദിനത്തില്‍ നിന്നും ഒമ്പതു വിക്കറ്റുകള്‍ താരം നേടുകയും ചെയ്തു.
ഇപ്പോഴിതാ വീണ്ടും ലെഗ് സ്പിന്നുമായി ഇറാനി ട്രോഫിയിലും അശ്വിന്‍ ലെഗ് സ്പിന്നുമായി എത്തിയിരിക്കുകയാണ്.. റെസ്റ്റ് ഓഫ് ഇന്ത്യന്‍ താരമായ അശ്വിന്‍ വിദര്‍ഭയ്‌ക്കെതിരെയാണ് ലെഗ് സ്പിന്‍ തന്ത്രം പുറത്തെടുത്തത്. അനില്‍ കുംബ്ലെയുടെ ആക്ഷനെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് അശ്വിന്‍ പന്തെറിയുന്നത്. ഇതിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറാലിയിട്ടുണ്ട്.
ഓഫ് സ്പിന്നുകൊണ്ട് എതിര്‍ ടീം ബാറ്റ്‌സ്മാന്മാരെ കറക്കി വീഴ്ത്തുന്ന അശ്വിന്‍ ലെഗ് സ്പിന്നിലും അത് ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. താരം ടീമിലേക്ക് മടങ്ങിയെത്തുന്നതോടെ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് നിര അജയ്യമാകുമെന്നുറപ്പാണ്.