scorecardresearch
Latest News

ശാരീരിക മര്‍ദന ആരോപണം: അറസ്റ്റിലായ ഗ്രീന്‍വുഡിനെ കൂടുതല്‍ സമയം ചോദ്യം ചെയ്യാന്‍ അനുമതി

കഴിഞ്ഞ ദിവസമാണ് യുവതി ഗ്രീന്‍വുഡിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചോരയൊലിപ്പിച്ച സ്വന്തം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തത്

ശാരീരിക മര്‍ദന ആരോപണം: അറസ്റ്റിലായ ഗ്രീന്‍വുഡിനെ കൂടുതല്‍ സമയം ചോദ്യം ചെയ്യാന്‍ അനുമതി

ലണ്ടണ്‍: ശാരീരിക മര്‍ദന ആരോപണ കേസില്‍ അറസ്റ്റിലായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരം മേസണ്‍ ഗ്രീന്‍വുഡിനെ കൂടുതല്‍ സമയം ചോദ്യം ചെയ്യാന്‍ പൊലീസിന് സമയം അനുവദിച്ചു. കഴിഞ്ഞ ദിവസമാണ് യുവതി ഗ്രീന്‍വുഡിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചോരയൊലിപ്പിച്ച സ്വന്തം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തത്. ഗ്രീന്‍വുഡിന്റെ ഓഡിയോ ക്ലിപ്പുകളും അവര്‍ പരസ്യമാക്കിയിട്ടുണ്ട്.

വെളിപ്പെടുത്തല്‍ പുറത്തു വന്നതിന് പിന്നാലെ യുണൈറ്റഡ് താരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലബ്ബിന്റെ സ്റ്റോറില്‍ നിന്ന് താരവുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും ഒഴിവാക്കി. സഹതാരങ്ങളില്‍ ഭൂരിഭാഗവും ഗ്രീന്‍വുഡിനെ സമൂഹമാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്തു. ഗ്രീന്‍വുഡിന് യാതൊരുവിധ നിയമപരിരക്ഷയും നല്‍കേണ്ടെന്നാണ് ക്ലബ്ബിന്റെ തീരുമാനം.

ദ ഗ്രേറ്റര്‍ മാഞ്ചസ്റ്റ് പൊലീസ് (ജിഎംപി) ആണ് ഗ്രീന്‍വുഡിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷകര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. ജനുവരി 30-ാം തീയതി താരത്തെ അറസ്റ്റ് ചെയ്ത കാര്യവും പൊലീസ് സ്ഥിരീകരിച്ചു. യുവതിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കരുതെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

75,000 പൗണ്ടാണ് (75.2 ലക്ഷം രൂപ) ഗ്രീന്‍വുഡിന്റെ പ്രതിവാര പ്രതിഫലം. സസ്പെന്‍ഷനിലാണെങ്കിലും താരത്തിന് ഈ തുക ലഭിക്കുമെന്നാണ് വിവരം. എന്നാല്‍ പ്രമുഖ കായിക ബ്രാന്‍ഡായ നൈക്കി താരവുമായുള്ള കരാര്‍ ഉപേക്ഷിച്ചതായി ബിബിസിയോട് പറഞ്ഞു. ”ഗ്രീന്‍വുഡുമായുള്ള കരാര്‍ താത്കാലികമായി സസ്പെന്‍ഡ് ചെയ്യുന്നു. ആരോപണങ്ങള്‍ ഗുരുതരമാണ്. സാഹചര്യങ്ങള്‍ വിലയിരുത്തി വരുന്നു,” നൈക്കി അറിയിച്ചു.

ആറാം വയസിലാണ് ഗ്രീന്‍വുഡ് യുണൈറ്റഡിലെത്തുന്നത്. പിന്നീട് സീനിയര്‍ ടീമിലേക്കെത്തുകയായിരുന്നു. യുണൈറ്റഡിനായി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാന്‍ ഗ്രീന്‍വുഡിന് സാധിച്ചു. 2017 ല്‍ പിഎസ്ജിക്കെതിരെ കളിക്കുമ്പോള്‍ ഗ്രീന്‍വുഡിന് 17 വയസു മാത്രമായിരുന്നു പ്രായം. യുണൈറ്റഡിനായി 129 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകള്‍ നേടിയിട്ടുണ്ട്.

Also Read: ചരിത്രമെഴുതി ഒഗ്ബച്ചെ; നോര്‍ത്ത്ഈസ്റ്റിനെതിരെ ഹൈദരാബാദിന് ഉജ്വല ജയം

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Assault allegation manchester uniteds mason greenwood in custody