ഓസ്ട്രേലിയയ്ക്കെതിരെ അബുദാബിയിൽ നടക്കുന്ന ടെസ്റ്റിൽ അശ്രദ്ധ മൂലം നിർണ്ണായക വിക്കറ്റ് നഷ്ടപ്പെടുത്തി പാക്കിസ്ഥാൻ താരം അസർ അലി. പന്ത് ബൗണ്ടറി കടന്നു എന്ന ധാരണയിൽ ക്രീസിന് പുറത്തേക്കിറങ്ങിയ അസർ അലി റണ്ണൗട്ടാകുകയായിരുന്നു. ഓസ്ട്രേലിയ – പാക്കിസ്ഥാൻ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് പാക്കിസ്ഥാൻ ക്രിക്കറ്റിന് ആകെ നാണക്കേടായ അസർ അലിയുടെ പുറത്താകൽ.

പാക്കിസ്ഥാൻ ഇന്നിങ്സിന്റെ 52-ാം ഓവറിലാണ് സംഭവം. പീറ്റർ സിഡിൽ എറിഞ്ഞ പന്ത് അസർ അലിയുടെ ബാറ്റിന്റെ എഡ്ജിൽ തട്ടി തേർഡ് മാനിലേക്ക്. പന്ത് ബൗണ്ടറി എത്തി എന്ന് കരുതി പിച്ചിന്റെ നടുവിലേക്കിറങ്ങിയ അസർ മറുവശത്തുണ്ടായിരുന്ന ആസാദ് ഷെഫീക്കുമായി സംസാരം ആരംഭിച്ചു.

എന്നാൽ പന്ത് ബൗണ്ടറി കടന്നിട്ടില്ലായിരുന്നു. പിന്നാലെ ഓടിയെത്തിയ മിച്ചൽ സ്റ്റാർക്ക് പന്ത് അതിവേഗം ഓസ്ട്രേലിയൻ നായകൻ കൂടിയായ ടിം പെയ്നിന് എറിഞ്ഞു നൽകി. ഏറെ താമസിക്കാതെ തന്നെ പെയ്ൻ ബെയ്ൽസിളക്കി. അസർ അലി പുറത്തായെന്ന് അമ്പയർ വിധിക്കുകയും ചെയ്തു.

ഓസ്ട്രേലിയൻ താരങ്ങൾ പോലും അത്ഭുതപ്പെട്ടു നിന്നുപോയ സമയമായിരുന്നു അത്. ബൗണ്ടറി എന്നുറപ്പിച്ച പന്തിലാണ് അപ്രതീക്ഷിതമായി അസർ അലി പുറത്തായത്. അർദ്ധ സെഞ്ചുറി തികച്ച അലി 64 റൺസുമായി പാക്കിസ്ഥാൻ ഇന്നിങ്സിൽ നിർണ്ണായകമാകുന്നതിനിടയിലാണ് പുറത്താകൽ.

ക്രിക്കറ്റിൽ വ്യത്യസ്തമായ പല റണ്ണൗട്ടുകളും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് അത്ര സുപരിചിതമല്ല. പുറത്താകലിന് പിന്നാലെ സംഭവം ഏറ്റെടുത്ത സാമൂഹിക മാധ്യമങ്ങൾ റണ്ണൗട്ട് ആഘോഷമാക്കി. അസർ അലിയെ വിമർശിച്ചും പരിഹസിച്ചും നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ