കോഴിക്കോട്: കായിക പ്രേമികൾക്ക് അധികം പരിചയമില്ലാത്ത മത്സരമാണ് കയാക്കിങ്. പാറക്കല്ലുകളും, കുത്തൊഴുക്കുമുള്ള നദിയിലൂടെ നടക്കുന്ന ബോട്ട് റെയിസാണ് കയാക്കിങ്. ഈ സാഹസിക മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കോഴിക്കോട് കോടഞ്ചേരി. കേരള ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ജില്ലാ പഞ്ചായത്തും ചേര്‍ന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

മലബാർ റിവർ ഫെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന കയാക്കിങ് ടൂർണമെന്റിൽൽ ന്യൂസിലന്‍ഡ്, ജര്‍മനി, നേപ്പാള്‍, ഇറ്റലി, യുഎസ്എ, ഡെന്‍മാര്‍ക്ക് തുടങ്ങി 11 രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ജൂലൈ 20, 21, 22, 23 തീയതികളിലാണ് കയാക്കിങ് മത്സരങ്ങൾ നടക്കുന്നത്. കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴ, തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴ, ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീന്‍തുള്ളിപ്പാറയിലുമായാണ് കയാക്കിങ് മത്സരങ്ങൾ നടക്കുന്നത്.

തുഷാരഗിരിയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഇരുവഞ്ഞിപ്പുഴയിലെ റാഫ്റ്റിംഗാണ് റിവര്‍ ഫെസ്റ്റിവലിലെ മുഖ്യ ആകര്‍ഷണം. ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 21ന് നടക്കും. മൊത്തം അഞ്ച് ലക്ഷം രൂപയാണ് വിജയികള്‍ക്ക് പ്രൈസ് മണിയായി നല്‍കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ