ജക്കാര്‍ത്ത: വനിതകളുടെ 4X400 മീറ്റര്‍ റിലേയില്‍ രാജ്യത്തിന് സ്വര്‍ണം നേടി കൊടുത്ത കണ്ണൂരുകാരി വിസ്മയ നാടിന്റെ അഭിമാന താരമായി മാറിയിരിക്കുകയാണ്. ഏഷ്യന്‍ ചാമ്പ്യന്മാരെ ഓടി തോല്‍പ്പിച്ച വിസ്മയ പക്ഷെ ഇപ്പോഴും തന്റെ പേരു പോലെ തന്നെ വിസ്മയ ലോകത്താണെന്നാണ് വാസ്തവം. എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു എന്നാണ് മത്സരശേഷം വിസ്മയ പറഞ്ഞത്.

കരിയറിലെ ആദ്യ രാജ്യാന്തര ഫൈനലില്‍ ബഹറിന്റെ സല്‍വാ നാസറാണ് വിസ്മയക്ക് ഒപ്പം അവസാന ലാപ്പില്‍ ഓടിയിരുന്നത്. അതുകൊണ്ടു തന്നെ ആദ്യം ഒന്ന് പകച്ചു. എന്നാല്‍ വൈകാതെ തന്നെ സീനിയര്‍ താരങ്ങള്‍ ഓടി നല്‍കിയ ലീഡ് വിട്ടുകളയാതെ വിസ്മയ മുന്നിലേക്ക് കയറി. ടീം തിരഞ്ഞെടുപ്പിനെ കുറിച്ചുണ്ടായ വിവാദങ്ങളേയും വിസ്മയ ഓടി തോല്‍പ്പിച്ചു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതോടെ ഒളിംപിക് മെഡല്‍ വിസ്മയ സ്വപ്നം കണ്ടുകഴിഞ്ഞു.

ഗെയിംസിന് മുന്നോടിയായി വിദേശത്തുപോയി പരിശീലനം നടത്തിയത് തുണയായെന്നും മികച്ച പ്രകടത്തിന് പിന്നില്‍ ടീം സ്പിരിറ്റും കുടുംബവും പരിശീലകരും സഹതാരങ്ങളും അടക്കമുള്ള എല്ലാവരുടെയും പിന്തുണയുമാണെന്നും വിസ്മയ പറയുന്നു. ഏഴ് മാസം മുന്‍പ് മാത്രമാണ് വിസ്മയ ഇന്ത്യന്‍ ക്യാമ്പിലെത്തിയത് എന്ന് കൂടി ഓര്‍ക്കേണ്ടതാണ്. ചങ്ങനാശേരി അസംപ്ഷന്‍ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്.

അതേസമയം, രാജ്യത്തിന് സ്വര്‍ണം നേടി കൊടുത്തതിന് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തുന്ന വിസ്മയെ കാത്തിരിക്കുന്നത് ജീവിത പ്രതിസന്ധിയിലും അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന കുടുംബമാണ്. വിസ്മയ നേട്ടങ്ങളുടെ നെറുകയിലെത്തിയത് പ്രതിസന്ധികളോട് പോരാടിയാണ്. കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ചായിരുന്നു വിസ്മയയുടെ പരിശീലനം.

മകളുടെ മിന്നും പ്രകടനം മനംനിറഞ്ഞൊന്നു കാണാന്‍ പോലും അമ്മ സുജാതയ്ക്കും അച്ഛന്‍ വിനോദിനും സാധിച്ചില്ല. കാരണം കോതമംഗലത്തെ വാടക വീട്ടില്‍ ഒരു ടിവി പോലും ഇവര്‍ക്ക് കൈപ്പിടിയില്‍ ഒതുങ്ങാത്ത ആഡംബരമാണ്. സ്വദേശമായ കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് നിന്ന് മകളുടെ പഠനത്തിനും പരിശീലനത്തിനുമായാണ് കുടുംബം കോതമംഗലത്തേക്ക് കുടിയേറിയത്. ഇളയമകള്‍ വിജുഷയും കായികതാരമാണ്. മകള്‍ സ്വര്‍ണ മെഡലുമായി എത്തുമ്പോള്‍ സമ്മാനമായി പകരം എന്ത് നല്‍കുമെന്നാണ് അച്ഛനമ്മമാരുടെ മനസിലെ ചോദ്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ