ന്യൂഡല്‍ഹി: ഈ വര്‍ഷം ചൈനയില്‍ ഹാങ്ഷൗവില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു. ചൈനയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സെപ്റ്റംബർ 10 മുതല്‍ 25 വരെയാണ് ഗെയിംസ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.
2019 ല്‍ ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്തെങ്കിലും രാജ്യത്ത് രോഗവ്യാപനം ഏറ്റവും രൂക്ഷമാകുന്നത് ഇപ്പോഴാണ്. ഒരു മാസത്തിലേറയായി ലോക്ക്ഡൗണില്‍ തുടരുന്ന ഷങ്ഹായിയില്‍ പ്രതിദിന കേസുകള്‍ അനുദിനം ഉയരുകയാണ്. ഒമിക്രോണ്‍ കേസുകള്‍ പടരുന്നുണ്ടോയെന്നറിയാന് വലിയ തോതിലുള്ള പരിശോധനകള്‍ പ്രദേശത്ത് നടത്തിയിരുന്നു. ഗെയിംസ് നഗരമായ ഹാംഗ്ഷൂവിൽ നിന്ന് ഷങ്ഹായിലേക്ക് വലിയ ദൂരമില്ല. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലും സ്ഥിതിഗതികള്‍ വഷളാകുകയാണ്.
ഒളിംപിക്സ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമാണ് ഏഷ്യന്‍ ഗെയിംസ്. സെപ്റ്റംബറിൽ നിശ്ചയിച്ച പ്രകാരം ഗെയിംസ് നടക്കുമെന്ന് സംഘാടകരും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താരങ്ങള്‍ക്കായി ബയോ ബബിളടക്കം സജ്ജീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഒളിംപിക്സിന്റെ മാതൃകയിലായിരുന്നു സജ്ജീകരണങ്ങള്‍. എന്നാല്‍ തുടര്‍ന്ന് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഗെയിംസ് മാറ്റിവയ്ക്കാന്‍ തീരുമാനമെടുത്തത്.