ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്കു വീണ്ടും സ്വർണം. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് സ്വർണം നേടിയത്. 88.06 മീറ്റർ ദൂരം കണ്ടെത്തിയ നീരജ് തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെ പുതിയ ദേശീയ റിക്കാർഡ് സ്ഥാപിച്ചു. മൂന്നാം ശ്രമത്തിലാണ് നീരജ് റിക്കാർഡ് ദൂരം പിന്നിട്ടത്. ഗെയിംസിൽ ഇന്ത്യയുടെ എട്ടാം സ്വർണമാണിത്.
അത്ലറ്റിക്സ് വിഭാഗത്തിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷകളുമായി കളത്തിൽ ഇറങ്ങിയ മലയാളി താരം നീന പിന്റോ, തമിഴ്നാട്ടുകാരൻ ധരുൺ അയ്യസാമി, ഉത്തർപ്രദേശുകാരി സുധ സിംഗ് എന്നിവരിലൂടെ ഇന്ന് മൂന്നു വെള്ളി മെഡലുകളും ഇന്ത്യ സ്വന്തമാക്കി. ലോംഗ്ജംപിൽ നീനയും സ്റ്റീപ്പിൾ ചേസിൽ സുധ സിംഗും വെള്ളിമെഡലുകൾ സ്വന്തമാക്കി. 6.51 മീറ്റർ ചാടിയാണ് നീന വെള്ളി നേടിയത്. 3000 മീറ്റർ സ്റ്റീപ്പിൾചേസ് 9:40.3 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സുധ വെള്ളി സ്വന്തമാക്കി.
പുരുഷവിഭാഗം 400 മീറ്റർ ഹർഡിൽസിലാണ് ധരുൺ വെള്ളി നേടിയത്. ദേശീയ റെക്കോർഡോടെ 48.96 സെക്കൻഡിൽ ഓടിയെത്തിയാണ് ധരുണിന്റെ വെള്ളിനേട്ടം. 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിലാണ് സുധ സിംഗിന്റെ മെഡൽ നേട്ടം. 2010ൽ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയിട്ടുള്ള താരമാണ് സുധ.