ന്യൂഡല്‍ഹി: ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തത്. റെക്കോര്‍ഡ് മെഡല്‍ നേട്ടവുമായി അവര്‍ രാജ്യത്തിന്റെ അഭിമാനമായി. ഗെയിംസ് കഴിഞ്ഞ് മടങ്ങിയെത്തിയ താരങ്ങള്‍ക്കെല്ലാം വീരോചിതമായ വരവേല്‍പ്പാണ് രാജ്യം നല്‍കിയത്. എന്നാല്‍ ആരവങ്ങളും ആര്‍പ്പുവിളികളും അടങ്ങുമ്പോള്‍ താരങ്ങളുടെ ജീവിതം പഴയത് പോലെ തന്നെയാണ് എന്നതാണ് വസ്തുത.

ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സെപക് താക്രോയില്‍ ടീം ഇനത്തില്‍ വെങ്കലം നേടിയ താരമാണ് ഹരീഷ് കുമാര്‍. കുടുംബം പുലര്‍ത്താന്‍ അച്ഛനൊപ്പം ചായക്കടയില്‍ ജോലി ചെയ്യുകയാണ് ഹരീഷ് ഇപ്പോള്‍.

”എന്റെ കുടുംബത്തില്‍ അംഗങ്ങള്‍ കൂടുതലാണ്. വരുമാനമോ തീരെ കുറവും. കുടുംബം മുന്നോട്ടുകൊണ്ടുപോകാന്‍ അച്ഛനെ ചായക്കടയില്‍ സഹായിക്കേണ്ടതുണ്ട്. ഇതിനിടയ്ക്ക് ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറുവരെയുള്ള സമയമാണ് ഞാന്‍ പരിശീലനത്തിനായി മാറ്റിവയ്ക്കുന്നത്. എനിക്ക് എന്റെ കുടുംബത്തെ സഹായിക്കാന്‍ ഒരു നല്ല ജോലി നേടണം”, ഹരീഷ് പറയുന്നു.

ഓട്ടോ ഡ്രൈവറാണ് ഹരീഷിന്റെ പിതാവ്. ഓട്ടോ ഓടിച്ചതിന് ശേഷം അദ്ദേഹം ചായക്കടയിലും പണിയെടുക്കുന്നു. അതേസമയം ഹരീഷിന് ലഭിച്ച പിന്തുണകള്‍ക്ക് അമ്മ ഇന്ദിര എല്ലാവരോടും നന്ദി പറഞ്ഞു. 2011 ലാണ് ഹരീഷ് സെപ്ക് ത്രോയില്‍ സജീവമാകുന്നത്. അതിന് കാരണക്കാരനായത് കോച്ച് ഹേമരാജാണ്. അദ്ദേഹമാണ് ഹരീഷിനൊപ്പം നടന്ന് അവനെ ദേശീയ കായിക മന്ത്രാലയത്തിന്റെ ശ്രദ്ധയിലേക്ക് എത്തിച്ചതും.

സായിയില്‍ ചേര്‍ന്നതിനു ശേഷമാണ് പരിശീലനത്തിനായുള്ള സാമ്പത്തിക സഹായവും കിറ്റുകളും ഹരീഷിന് ലഭിക്കുന്നത്. പലപ്പോഴും പരിശീലകന്‍ ഹേമരാജിന്റെ സഹായം കൊണ്ടാണ് ഹരീഷ് മുന്നോട്ടുപോകുന്നത്. ഈ കഷ്ടപ്പാടില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ ഒരു സര്‍ക്കാര്‍ ജോലി ഹരീഷിനെ സഹായിക്കുമെന്നാണ് സഹോദരന്‍ ധവാന്‍ പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ