ജക്കാര്‍ത്ത: ഇന്ത്യയ്ക്ക് ഇന്നത്തെ രണ്ടാം മെഡല്‍. 200 മീറ്ററില്‍ വെള്ളി നേടി ദ്യുതിയാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് ഒമ്പത് സ്വര്‍ണവും 20 വെള്ളിയും 23 വെങ്കലവുമടക്കം 52 മെഡലുകളായി. 23.20 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ദ്യുതി ചന്ദ് വെള്ളി നേടിയത്. നേരത്തെ 100 മീറ്ററിലും ദ്യുതി വെള്ളി നേടിയിരുന്നു.
ടേബിള്‍ ടെന്നീസില്‍ ചരിത്രം കുറിച്ച് മണിക ബത്ര-ശരത് കമല്‍ സഖ്യം. ഇതാദ്യമായാണ് ഇന്ത്യന്‍ ടീം മിക്‌സഡ് ഡബിള്‍സിന്റെ സെമയിലെത്തുന്നത്. സെമിയില്‍ ചൈനീസ് സഖ്യത്തോട് പരാജയപ്പെട്ട ഇന്ത്യന്‍ സഖ്യത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്ത്യയുടെ ഇന്നത്തെ ആദ്യ മെഡലാണിത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ തന്നെ ഇന്ത്യയുടെ രണ്ടാമത്തെ ടേബിള്‍ ടെന്നീസ് മെഡലാണിത്.
ഇന്നലെ പുരുഷന്മാരുടെ ടീം ഇനത്തില്‍ വികാസ് താക്കര്‍-ആന്റണി അമല്‍ രാജ്-ഹര്‍മീദ് ദേശായി- സത്യന്‍ സഖ്യമാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയത്. വെങ്കലമാണ് ഇവര്‍ നേടിയത്.
അതേസമയം, ബോക്‌സിങ്ങില്‍ ഇന്ത്യ മെഡലുറപ്പിച്ചു. ലൈറ്റ് വെയ്റ്റ് 49 കിലോ ഗ്രാമില്‍ അമിത് കുമാറും മിഡില്‍ വെയ്റ്റ് 75 കിലോഗ്രാമില്‍ വികാസ് കൃഷ്ണയുമാണ് മെഡലുറപ്പിച്ചത്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയിരുന്നു അമിത് കുമാര്‍. സ്വകാഷിലും ഇന്ത്യ മെഡലുറപ്പിച്ചിട്ടുണ്ട്. വനിതകളുടെ ടീം ഇനത്തില്‍ ഇന്ത്യ സെമിയില്‍ കടന്നിട്ടുണ്ട്.
ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്ന, തന്‍വി ഖന്ന എന്നിവരുടെ ടീമാണ് ചൈനയെ പരാജയപ്പെടുത്തി സെമിയില്‍ കടന്നത്. ഹോങ്കോങ്ങാണ് ഇന്ത്യയുടെ അടുത്ത എതിരാളി. ഇതിന് പുറമെ ഹെപ്റ്റാത്തലണിലും ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുണ്ട്. സപ്‌ന ബര്‍മനിലാണ് ഇന്ത്യയുടെ പ്രതീക്ഷ.